സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ജീവിതത്തെ ഒരു ദിശയിലൂടെ നോക്കുമ്പോൾ അവയിൽ മരണത്തെ പരാമർശിച്ച, അഥവാ പ്രവചിച്ച കഥകളാണെന്ന് മനസിലാകും. അദ്ദേഹത്തിന്‍റെ ട്വിറ്ററിലെ കവർ ഫോട്ടോ; തന്‍റെ ചെവിയുടെ ഒരു ഭാഗം ഛേദിച്ച് ഒരു വർഷം കഴിഞ്ഞ്, 1889ൽ വിൻസെന്‍റ് വാൻ ഗോഗ് വരച്ച 'ദി സ്റ്റാറി നൈറ്റ്'. സുശാന്തിന്‍റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്; ജൂൺ മൂന്നിന് അദ്ദേഹം പങ്കുവച്ചത് 2002ൽ വിട്ടുപോയ പ്രിയപ്പെട്ട അമ്മയുടെ ചിത്രമായിരുന്നു. "കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്‌പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം. അവസാനിക്കാത്ത സ്വപ്നങ്ങൾ ഒരു പുഞ്ചിരി രൂപീകരിക്കുന്നു. ക്ഷണികമായ ജീവിതം, ഇരുവർക്കുമിടയിൽ നിർണയിക്കുമ്പോൾ," ചിത്രത്തിനൊപ്പം സുശാന്ത് എഴുതി.
എല്ലാവർക്കും തങ്ങളുടെ 34-ാം വയസ്സിൽ ഇങ്ങനെ രേഖപ്പെടുത്തിയ ഒരു പട്ടിക ഉണ്ടാവണമെന്നില്ല, പക്ഷേ അടുത്തിടെ ആത്മഹത്യ ചെയ്‌ത സുശാന്തിൽ അത് കാണാം. ഇതിന് പുറമെ, സുശാന്ത് തുടക്കം കുറിച്ച കൈ പോ ചെ മുതൽ അദ്ദേഹം അഭിനയിച്ച 11 സിനിമകളിൽ അഞ്ചെണ്ണത്തിലും അദ്ദേഹം മരിക്കുന്നു. തന്‍റെ ശിഷ്യൻ അലി ഓസ്‌ട്രലിയക്കെതിരെ ക്രിക്കറ്റ് കരിയറിലെ ഗംഭീര തുടക്കം കുറിക്കുമ്പോൾ, ചിരിയോടെ സൂര്യാസ്‌തമയത്തിലേക്ക് നടന്നു നീങ്ങുന്ന ഇഷാൻ. കൈ പോ ചെയിൽ സംവിധായകൻ അഭിഷേക് കപൂർ ബോധപൂർവം സ്വീകരിച്ചതാണ് ഇഷാന്‍റെ മരണം. ഇത് ചിത്രം ആസ്‌പദമാക്കിയ ചേതൻ ഭഗത്തിന്‍റെ 'ത്രീ മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫി'ൽ നിന്ന് വ്യത്യാസമായി സംവിധായകൻ കൊണ്ടുവന്ന ക്ലൈമാക്‌സ് ആണ്. ചിത്രത്തിൽ പ്രേക്ഷകന് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തിന്‍റെ മരണത്തിലൂടെ അഭിഷേക് കപൂർ, ഗോദ്ര ട്രെയിൻ കൂട്ടക്കൊലയുടെയും ഗുജറാത്ത് കലാപത്തിന്‍റെയും വേദനയും ക്രൂരതയും അവതരിപ്പിച്ചു.
ദിനേശ് വിജൻ സംവിധാനം ചെയ്ത റാബ്‌ത (2017)യിൽ, സുശാന്തിന്‍റെ ഒരു കഥാപാത്രം മരിക്കുമ്പോൾ, ശിവ കക്കർ എന്ന മറ്റൊരു വേഷം നായികയുടെ സഹായത്തോടെ മുങ്ങിമരിക്കാതെ രക്ഷപ്പെടുന്നു. ഉത്തരാഖണ്ഡിൽ 2013ലുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ കേദാർനാഥിൽ (2018) ക്ഷേത്രത്തിലെ പുരോഹിതന്‍റെ മകളുമായി പ്രണയത്തിലായ ഒരു മുസ്ലീം യുവാവായിരുന്നു സുശാന്ത്. അവളെ രക്ഷിച്ചതിന് ശേഷം, സുശാന്ത് തന്‍റെ പ്രിയ നടൻ ഷാരൂഖ് ഖാനെപ്പോലെ കൈകൾ നീട്ടി, പിന്നീട് ഭൂമിക്ക് കീഴടങ്ങുന്നതാണ് അവസാന രംഗം. അദ്ദേഹത്തിന്‍റെ മരണാനന്തരം ഒരു പക്ഷേ കാണാൻ ഏറ്റവും പ്രയാസമേറിയ ഒരു ഭാഗം.
അഭിഷേക് ചൗബേയുടെ സോൻചിരിയയിലും ധീരമായ മരണമാണ് ലഘ്‌ന സ്വീകരിക്കുന്നത്. അതിനായി, മരത്തിന് പിന്നിൽ നിന്നും പുറത്തേക്ക് വന്ന് അശുതോഷ് റാണ അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്ന് സുശാന്ത് സിംഗിന്‍റെ ലഘ്‌ന മരണം ഏറ്റുവാങ്ങുന്നു. താരത്തിന്‍റെ മരണത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ സംവിധായകൻ ചൗബേ പറഞ്ഞതിങ്ങനെ; “ലഘ്‌നയ്ക്ക് തന്‍റെ ഇതര ജീവിതത്തെക്കുറിച്ച് ഒരു ദർശനം ലഭിക്കുന്ന സിനിമയിലെ ആ നിമിഷം, എന്‍റെ തലയിൽ തികച്ചും വ്യത്യസ്തമായ അർത്ഥം ഉൾക്കൊള്ളുന്നു. എന്നാൽ, അത് സ്വന്തമായി ഒരു ജീവിതം എടുത്തിരിക്കുന്നു.” യുവനടന്‍റെ അവസാന തിയേറ്റർ റിലീസായ ചിച്ചോരെയിൽ, മകൻ മരണത്തിന് പിടികൊടുക്കാതെ തലനാരിഴക്ക് തിരിച്ചെത്തുമ്പോൾ അച്ഛൻ സുശാന്ത് പറയുന്ന വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ''നിങ്ങൾ ഒരു പരാജിതനാണോയെന്നത് നിങ്ങളുടെ ഫലമല്ല തീരുമാനിക്കുന്നത്, പകരം നിങ്ങളുടെ ശ്രമമാണ് തീരുമാനിക്കുന്നത്" ജീവിക്കുന്ന വാക്കുകൾ.
സുശാന്തിന്‍റേതായി ചിത്രീകരിച്ച (റിലീസിനൊരുങ്ങുന്ന) അവസാന സിനിമയിൽ ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നവരും നിരാശരായേക്കാം. 'ദി ഫാൾട്ട് ഇൻ ഔർ സ്റ്റാർസി'ന്‍റെ ഔദ്യോഗിക റീമേക്ക് ദിൽ ബെചാര അവസാനിപ്പിക്കുന്നതും ശുഭാന്ത്യത്തിൽ ആയിരിക്കില്ല. ഒടിടി റിലീസിനായൊരുങ്ങുന്ന ദിൽ ബെചാരയിലെ നായകനും നായികയും കാൻസർ ബാധിതരാണ്. ചിത്രത്തിൽ ഗുരുതരാവസ്ഥയിൽ ഭൂരിഭാഗവും കാണിക്കുന്നത് പെൺകുട്ടിയെയാണെങ്കിലും ആകസ്‌മിക മരണം സംഭവിക്കുന്നത് സുശാന്തിന്‍റെ കഥാപാത്രത്തിനാണ്.
സിനിമയിലെ മരണങ്ങൾ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ മാർഗമാണ്. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ എന്നിവരുടെ കരിയർ ഇതിന് തെളിവാണ്. ഷാരൂഖ് ഖാൻ തന്‍റെ 17 സിനിമകളിൽ മരിക്കുന്ന രംഗമുണ്ടെന്നാണ് കണക്ക്. അമിതാഭ് ബച്ചൻ 27 തവണയും. ദീവാർ (1975) ചിത്രത്തിൽ അമ്മയുടെ മടിയിൽ അമിതാഭ് ബച്ചന്‍റെ അവസാന ശ്വാസം നിലക്കുന്നത് മുതൽ ദേവ്ദാസിൽ (2002) ഷാരൂഖ് ഖാന്‍റെ നാടകീയ മരണം വരെ. ദേവ്‌ദാസിൽ ഐശ്വര്യ റായിയുടെ പാറോ, ഖാന് അടുത്തേക്ക് ഓടിയെത്തുമ്പോൾ ഗേറ്റ് അടക്കുന്നതും അവളുടെ സാരി പുറകിലേക്ക് ഒഴുകി നടക്കുന്നതും ഖാന്‍റെ ജീവൻ നിശ്ചലമാകുന്നതും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതും വൈകാരികവുമായ രംഗമാണ്.
ജ്യോതിശാസ്ത്രജ്ഞനായ സ്വാമി വിവേകാനന്ദനെ വരെ നിഷ്‌പ്രയാസം ഉദ്ധരിക്കാൻ കഴിയുന്ന ബുദ്ധിമാനായിരുന്നു സുശാന്ത് സിംഗ് രജ്‌പുത്. ഷിയാമക് ദാവറിന്‍റെ ട്രൂപ്പിൽ ഒരു ബാക്ക്-അപ്പ് ഡാൻസറായി ആരംഭിച്ച അദ്ദേഹത്തിന് കഷ്‌ടപ്പാടുകളെയും പോരാട്ടത്തെയും കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. 2019 ഒക്ടോബറിൽ അദ്ദേഹം ട്വീറ്റ് ചെയ്തതുപോലെ, "പശ്ചിമരാജ്യക്കാർ പറയുന്നു, തിന്മയെ കീഴടക്കിയാണ് അതിനെ ഇല്ലാതാക്കുന്നത് എന്ന്. ഇന്ത്യ പറയുന്നു, തിന്മ ആസ്വദിക്കാവുന്ന ഒരു പോസിറ്റീവ് ആകുന്നതു വരെ, നാം ദുഷ്ടതയെ കഷ്ടതയാൽ നശിപ്പിക്കുന്നുവെന്ന്. രണ്ടും പരസ്‌പര വിരുദ്ധമായി തോന്നിയാലും ലക്ഷ്യം ഒന്നുതന്നെയാണ്. കുഴഞ്ഞുമറിഞ്ഞ വഴിയിലൂടെ നമ്മൾ എന്തായാലും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു, നമുക്ക് പരസ്‌പരം യാത്രാ മംഗളാശംസകൾ പറയാം." പ്രശസ്‌തിയുടെയും ജീവിതത്തിന്‍റെയും അസ്വാഭാവികതയെക്കുറിച്ച് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. "ഒരു നിഴൽ പോലെ ഞാനും, ഞാനല്ലാ," ജലാലുദ്ദീൻ റൂമിയുടെ വരികൾ കുറിച്ചുകൊണ്ട് 2018 ഡിസംബറിൽ സുശാന്ത് ട്വീറ്റ് ചെയ്‌തത്, ഒരു പക്ഷേ ക്യാമറക്ക് മുമ്പിലെ വെളിച്ചത്തിൽ നിന്ന് മടങ്ങി വരുന്നതും ഉപേക്ഷിച്ച സിനിമകൾ, തകർന്ന വാഗ്‌ദാനങ്ങൾ, പിന്നിലാക്കപ്പെട്ട അവസരങ്ങൾ, എല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കാം.