ബോളിവുഡിലെ ക്രോണിക് ബാച്ച്‌ലർ എന്നാണ് സൂപ്പർതാരം സൽമാൻ ഖാൻ അറിയപ്പെടുന്നത്. എന്നാൽ, താരം വിവാഹിതനാണെന്നും സൽമാന്‍റെ ഭാര്യയും 17 വയസുള്ള മകളും ദുബായിയിൽ സ്ഥിരതാമസമാണെന്നും ആരോപണം ഉയർന്നിരുന്നു. ഈ വിഷയം ഒരു ടിവി പരിപാടിക്കിടെ സൽമാന്‍റെ മുൻപിൽ സഹോദരൻ കൂടിയായ അർബാസ് ഖാൻ അവതരിപ്പിച്ചപ്പോൾ സൂപ്പർതാരം ട്രോളുകൾക്കും ആരോപണങ്ങൾക്കും മറുപടി നൽകിയതാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
ഒരു സ്വകാര്യ ചാനലിലെ ടോക്ക് ഷോയിൽ വച്ച് അർബാസ് ഖാൻ അതിഥിയായി എത്തിയ സൽമാനോട് ആരോപണത്തെ കുറിച്ച് ചോദിക്കുകയും എന്നാൽ ഇതൊന്നും ഒരു പുതിയ സംഭവമല്ലെന്നും ഇത്തരം വാർത്തകളൊക്കെ പതിവായി പ്രചരിക്കുന്നതിനാൽ ഗോസിപ്പുകൾ തന്നെ ബാധിക്കില്ലെന്നും താരം പ്രതികരിച്ചു.
എനിക്ക് ഭാര്യയില്ല, വാർത്തകളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും സൽമാൻ ഖാൻ
നടന്‍റെ ഭാര്യയുടെ പേര് നൂർ എന്നാണെന്നും ഇവർക്ക് 17 വയസുള്ള ഒരു മകളുണ്ടെന്നും പ്രചാരമുണ്ട്. ഇവരെ കാണുന്നതിന് വേണ്ടിയാണ് സൽമാൻ ഖാൻ ഇടക്കിടക്ക് വിദേശ യാത്ര നടത്തുന്നതെന്നുമുള്ള ട്രോൾ അർബാസ്, സൽമാന്‍റെ ശ്രദ്ധയിൽപെടുത്തി.
എന്നാൽ ആരോപണത്തെ സൂപ്പർതാരം പൂർണമായും നിഷേധിച്ചു. താൻ ഇപ്പോഴും അവിവാഹിതനാണെന്നും ഇത്തരം കമന്‍റുകൾ എപ്പോഴും കേൾക്കുന്നതിനാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും സൽമാൻ പറഞ്ഞു. ഇവരൊക്കെ ആരെ കുറിച്ചാണ് പറയുന്നതെന്നും എവിടെ നിന്നാണ് ഇങ്ങനെയുള്ള വിവരങ്ങൾ ലഭിക്കുന്നതെന്നും മനസ്സിലാകുന്നില്ല എന്നും താരം വ്യക്തമാക്കി.
Also Read: ഹാസ്യ നടൻ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു
'എനിക്ക് ഭാര്യയില്ല. എന്‍റെ ഒൻപതാം വയസ് മുതൽ ഇന്ത്യയിലെ ഗാലക്‌സി അപാർട്ട്മെന്‍റിലാണ് ഞാൻ താമസിക്കുന്നത്. ആരോട് ചോദിച്ചാലും ഇതിനെ കുറിച്ച് അറിയാം.' അതിനാൽ തന്നെ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാൻ താൽപര്യപ്പെടുന്നില്ല എന്നും സൽമാൻ ഖാൻ വിശദമാക്കി.