ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സമ്പാദിച്ച നടി രശ്‌മിക മന്ദാന ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിദ്ധാർഥ് മൽഹോത്രക്കൊപ്പമാണ് രശ്‌മികയുടെ ആദ്യ ഹിന്ദി ചിത്രം. മിഷൻ മജ്‌നു എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനായുള്ള കരാറിലും രശ്‌മിക ഒപ്പുവെച്ച് കഴിഞ്ഞു.
രണ്ടാമത്തെ ചിത്രം ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഒപ്പമാണ്. ക്വീന്‍ സിനിമ ഒരുക്കിയ വികാസ് ബഹലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡെഡ്‌ലി എന്നാണ് ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഏക്ത കപൂറും റിലയന്‍സ് എന്‍റര്‍ടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് നിര്‍മാണം. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും. അച്ഛന്‍-മകള്‍ ബന്ധത്തിന്‍റെ കഥയാണ് ചിത്രത്തില്‍ പറയുക എന്നാണ് റിപ്പോര്‍ട്ട്. നടി നീന ഗുപ്തയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും.
ശാന്തനു ബാഗ്‌ചിയാണ് മിഷന്‍ മജ്‌നു സംവിധാനം ചെയ്യുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധാനത്തിന് അവാർഡ് ജേതാവായ ബാഗ്‌ചിയുടെ ആദ്യ ചിത്രമാണ് മിഷൻ മജ്‌നു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഹിന്ദി ചിത്രത്തിന്‍റെ കഥ പർവീസ് ഷെയ്ഖ്, അസീം അറോറ, സുമിത് ബതേജ എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. പുഷ്പ, ആഡല്ലൂ മീകു ജോഹാർലു, സുല്‍ത്താന്‍, പൊഗാരൂ എന്നിവയാണ് രശ്‌മിക മന്ദാനയുടെ മിഷന്‍ മജ്‌നു കൂടാതെ അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.