പ്രഭാസ് വീണ്ടും പ്രണയ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് രാധേ ശ്യാം. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ഈ പ്രണയ ചിത്രത്തിലെ ആദ്യ ഗ്ലിബ്‌സ് വീഡിയോ പ്രഭാസിന്‍റെ ആരാധകര്‍ക്കായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രണയ ദിനത്തില്‍ പുറത്തുവിട്ടു. പൂജ ഹെഗ്ഡേ നായികയാകുന്ന സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. അമ്പത്തിരണ്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ സിനിമയെ കുറിച്ച് വലിയ വ്യക്തതയൊന്നും നല്‍കുന്നില്ല. പാശ്ചാത്യ രാജ്യത്തുള്ള ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ പൂജ ഹെഗ്ഡേ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തെ തിരയുകയാണ് പ്രഭാസിന്‍റെ കഥാപാത്രം. കഥാപാത്രത്തിന്‍റെ പേരെടുത്ത് പ്രഭാസ് വിളിക്കുന്നതും കാണാം. തുടര്‍ന്ന് പ്രഭാസിനോട് പൂജ 'നിങ്ങള്‍ ഒരു റോമിയോ ആണെന്നാണോ കരുതുന്നത് എന്ന് ചോദിക്കുന്നതും' കാണാം. അപ്പോള്‍ 'ഞാന്‍ ഒരിക്കലും ഒരു റോമിയോയല്ല... അയാള്‍ പ്രണയത്തിന് വേണ്ടി മരിച്ചയാളാണ്... എന്നാല്‍ ഞാന്‍ അങ്ങനെയല്ല എന്ന്' പ്രഭാസ് മറുപടി നല്‍കുന്നതും കാണാം.
മനോഹരമായൊരു പ്രണയ കഥയാണ് സിനിമ പറയുകയെന്നത് ആദ്യ ഗ്ലിബ്‌സ് വീഡിയോ ഉറപ്പ് നല്‍കുന്നുണ്ട്. ഏറെ പ്രതീക്ഷ നല്‍കുന്ന ടീസര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിലച്ച സിനിമയുടെ ഷൂട്ടിങ് വീണ്ടും പുനരാരംഭിച്ചത് ഡിസംബറിലാണ്. സത്യരാജ്, ഭാഗ്യശ്രീ, കുണാല്‍ റോയ് കപൂര്‍, ജഗപതി ബാബു, ജയറാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂലൈ 30ന് സിനിമ പ്രദര്‍ശനത്തിനെത്തും. യുവി ക്രീയേഷന്‍സും ടി സീരിസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറിന്‍റേതാണ് സംഗീതം. മനോജ് പരമഹംസയാണ് സിനിമക്കായി ക്യാമറ ചലപ്പിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പ്രഭാസും കന്നട സൂപ്പര്‍ സ്റ്റാര്‍ യഷും ചേര്‍ന്ന് അഭിനയിക്കുന്ന സലാര്‍ ഈ വര്‍ഷം അവസാനം റിലീസ് ചെയ്യുമെന്നാണ് വിവരം. സലാര്‍ പൂര്‍ണമായും ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് ഒരുക്കുന്നത്. പ്രശാന്ത് നീല്‍ ആണ് സലാറിന്റെ സംവിധായകന്. കന്നട, തെലുങ്ക് ഭാഷകളിലാണ് എത്തുന്നത്. പ്രഭാസ്, സെയ്ഫ് അലിഖാനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഭാഷകളിലായാണ് ആദിപുരുഷ് എത്തുന്നത്. മഹാഭാരതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രഭാസ് നായകനാകുന്ന 22-ാം ചിത്രമാണ് ആദിപുരുഷ്. ഓംറൗട്ടാണ് ആദിപുരുഷിന്റെ സംവിധായകന്. രാധേശ്യാമിന് ശേഷം നിര്‍മാതാവ് ഭൂഷണ് കുമാറും പ്രഭാസും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയായ ആദിപുരുഷ് ത്രിമാന ചിത്രം കൂടിയാണ്.