ഒമ്പത് സംവിധായകർ ഒരുക്കുന്ന തമിഴ് ആന്തോളജി നവരസ ഉൾപ്പെടെ നെറ്റ്ഫ്ലിക്സിൽ ഈ വർഷം റിലീസിനെത്തുന്നത് 41 പുതിയ ദൃശ്യവിസ്മയങ്ങൾ. ത്രില്ലറുകളും കോമഡിയും സീരീസും സ്റ്റാന്‍റപ് കോമഡി സ്പെഷ്യലുകളും ആന്തോളജിയും ഡോക്യുമെന്‍ററികളും ഇതിലുൾപ്പെടുന്നു.
13 സിനിമകൾ, 15 സീരീസുകൾ, നാല് ഡോക്യുമെന്‍ററികൾ, ആറ് സ്റ്റാൻഡ്-അപ്പ് കോമഡി സ്പെഷ്യലുകൾ, മൂന്ന് റിയാലിറ്റി ടിവി ഷോകൾ എന്നിവയാണ് ഈ വർഷം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്നത്.
തമിഴ് ആന്തോളജി നവരസയിലെ ഒരു ചിത്രത്തിൽ സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തമിഴകത്തിന്‍റെ പ്രിയപ്പെട്ട മാധവൻ, സോനാക്ഷി സിൻഹ, താപ്‌സി പന്നു, ജിതേന്ദ്ര കുമാർ, അർജുൻ രാംപാൽ, കാർത്തിക് ആര്യൻ, ധനുഷ്, സന്യ മൽഹോത്ര, നീന ഗുപ്ത, അർജുൻ കപൂർ, കപിൽ ശർമ, മനോജ് ബാജ്‌പയി, മാധുരി ദീക്ഷിത് നേനെ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും സീരീസുകളും ത്രില്ലറുകളും സിനിമകളും പരിപാടികളും റിലീസിനൊരുങ്ങുന്നുണ്ട്.
സോനാക്ഷി സിൻഹയുടെ ബുൾബുൾ തരംഗ്, കരൺ ജോഹർ പ്രൊഡക്ഷൻസിന്‍റെ അജീബ് ദസ്താൻസ്, ചൈതന്യ തംഹാന നിർമിക്കുന്ന ദി ഡിസിപ്ലിൻ, തപ്സി പന്നുവിന്‍റെ ഹസീൻ ദിൽരൂപ, ജിതേന്ദ്ര കുമാർ നായകനാകുന്ന ജാദൂഗർ, സാന്യ മൽഹോത്രയുടെ മീനാക്ഷി സുന്ദരേശ്വർ, ഇവാൻ അയ്യർ നിർമിക്കുന്ന മൈൽസ്റ്റോൺ, മണിരത്നം ചിത്രം നവരസ, സാന്യ മൽഹോത്ര പ്രധാന വേഷത്തിലെത്തുന്ന പാഗ്‌ലൈറ്റ് എന്നിവയും അബ്ബാസ്, മസ്താൻ എന്നിവർ നിർമിക്കുന്ന പെന്റോസ്, നീന ഗുപ്തയും അർജുൻ കപൂറും അഭിനയിക്കുന്ന സർദാർ കാ ഗ്രാൻഡ്സൺ എന്നിവയുമാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
രവീണ ടണ്ടന്‍റെ ആരണ്യക്, ബോംബെ ബീഗംസ്, മാധവൻ നായകനാകുന്ന ഡീകപ്പിൾഡ്, മാധുരി ദീക്ഷിതിന്‍റെ ഫൈൻഡിങ് അനാമിക, എമ്മി പുരസ്കാരം നേടിയ ഡൽഹി ക്രൈമിന്‍റെ പുതിയ പതിപ്പ് ഡൽഹി ക്രൈം– സീസൺ 2, രാധികാ മദന്‍റെ ഫീൽസ് ലൈക്ക് ഇഷ്ക്, ജംതാര– സീസൺ 2, ലിറ്റിൽ തിങ്സ് സീസൺ 4, അനുഷ്ക ശർമ നിർമിക്കുന്ന മായ്, നീന ഗുപ്തയും മകൾ മസാബ ഗുപ്തയും ഒരുമിച്ചെത്തുന്ന മസാബ മസാബ സീസൺ 2, മിസ്മാച്ച്ഡ്- സീസൺ 2, ഇംതിയാസ് അലിയുടെ നിർമാണത്തിലൊരുങ്ങുന്ന ഷീ- സീസൺ 2 തുടങ്ങിയവയാണ് സീരീസുകൾ.
കരൺ ജോഹർ പ്രൊഡക്ഷനിലൊരുങ്ങുന്ന ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈഫ്സ്– സീസൺ 2 റിയാലിറ്റി ഷോയും നിരവധി ഡോക്യുമെന്‍ററികളും നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ച പുതിയ റിലീസുകളിൽ ഉൾപ്പെടുന്നു. അതേ സമയം, കഴിഞ്ഞ വർഷം 31 ഇന്ത്യൻ ടൈറ്റിലുകളായിരുന്നു നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.