മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ രാകുൽ പ്രീത് സിംഗ്, ദീപിക പദുകോൺ, ദീപികയുടെ മുൻ മാനേജർ കരിഷ്മ പ്രകാശ്, ഫാഷൻ ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഇവരെ മണിക്കൂറുകളോളം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്‌തിരുന്നു.
ബോളിവുഡ് നടി ദീപികാ പദുകോണും മുൻ മാനേജറും തമ്മിൽ 2017ൽ ഫോൺ ചാറ്റിലൂടെ ലഹരിമരുന്നിനെ കുറിച്ച് ചർച്ച ചെയ്‌തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നടി റിയാ ചക്രബർത്തിയുടെ അടുത്ത സുഹൃത്തുക്കളായ രാകുൽ പ്രീതിന്‍റെയും ഖമ്പട്ടയുടെയും ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഈ മാസം ആദ്യമായിരുന്നു റിയയെ എൻസിബി അറസ്റ്റ് ചെയ്‌തത്. മണിക്കൂറുകളോളം ചോദ്യം ചെയ്‌തതിന് ശേഷമായിരുന്നു താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദീപികക്ക് പുറമെ, കഴിഞ്ഞ ദിവസം സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തിട്ടുണ്ട്.