കജോള്‍, ശ്രുതി ഹാസന്‍, നേഹ ധൂപിയ തുടങ്ങി പ്രമുഖ അഭിനയ നിരയെ അണിനിരത്തി പ്രിയങ്ക ബാനർജി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം ദേവി 2018ല്‍ പുറത്തിറക്കിയ മറ്റൊരു ഹ്രസ്വചിത്രത്തിന്‍റെ ആശയം കോപ്പയടിച്ചതാണെന്ന് ആരോപണം. നോയിഡ ഫിലിം സിറ്റിയിലെ ഏഷ്യൻ സ്‌കൂൾ ഓഫ് മീഡിയ സ്റ്റഡീസ് വിദ്യാർഥിയായിരുന്ന അഭിഷേക് റായിയാണ് ദേവിയ്‌ക്കെതിരെ ആരോപണവുമായെത്തിയത്. രണ്ട് വർഷം മുമ്പ് അക്കാദമിക് പ്രൊജക്റ്റിന്‍റെ ഭാഗമായി താൻ ചെയ്‌ത ഫോർ എന്ന ചിത്രത്തിന്‍റെ കഥയാണ് ദേവിയിലും ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അഭിഷേക് പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
ചിത്രം ചെറിയ ബജറ്റില്‍ നിർമിച്ചതാണെങ്കിലും വളരെ ചിന്തിച്ച് സൃഷ്‌ടിച്ച കഥയാണ് ഫോറിലേതെന്ന് അഭിഷേക് ഫേസ്‌ബുക്കിലൂടെ പറഞ്ഞു. അതിന്‍റെ സാങ്കേതിക വശങ്ങളും ശബ്ദലേഖനവുമൊക്കെ നിലവാരം കുറഞ്ഞതാണ്. എന്നാൽ, നമ്മുടെ ഭാവനയിൽ വിരിഞ്ഞ പ്രമേയത്തെ എങ്ങനെ മറ്റൊരാൾ സ്വന്തമാക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആന്‍റ് ടെലിവിഷന്‍റെ ബൗദ്ധിക സ്വത്തായ ചിത്രത്തിന്‍റെ ആശയം എടുക്കുന്നതിനെ കുറിച്ച് ദേവിയുടെ നിർമാതാക്കളോ അണിയറപ്രവര്‍ത്തകരോ തന്നോട് സംസാരിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ നടപടിയെടുക്കാനാണ് തീരുമാനമെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും അഭിഷേക് റായ് പറഞ്ഞു.
പ്രിയങ്ക ബാനർജി ഒരുക്കിയ ദേവി പുറത്തിറക്കി മൂന്ന് ദിവസത്തിനകം തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടത്. ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പല പ്രായത്തിലും സാമൂഹ്യ പശ്ചാത്തലത്തിലുമുള്ള ഒമ്പത് സ്‌ത്രീകൾ ഒരു മുറിയിൽ താമസിക്കുന്നതും അവിടേക്ക് ഒരു പുതിയ ആൾ താമസിക്കാൻ എത്തുന്നതുമാണ് കഥ. പല തരത്തിലുള്ള പീഡനങ്ങൾ നേരിട്ട ഇവർ തങ്ങൾ നേരിട്ട ക്രൂരതകളെ കുറിച്ചും തുറന്നു പറയുണ്ട്. എന്നാൽ കാണികളെ ഞെട്ടിച്ചുകൊണ്ട് അവർക്കിടയിലേക്ക് എത്തുന്നത് ഒരു പിഞ്ചു കുഞ്ഞാണ്. സമാനമായ കഥയാണ് ഫോർ എന്ന ചിത്രത്തിലും വിവരിക്കുന്നത്. മൂന്ന് വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകൾ താമസിക്കുന്ന വീട്ടിലേക്ക് എത്തുന്ന പുതിയ അന്തേവാസിയും ഒരു ചെറിയ പെൺകുട്ടിയാണ്. നിർഭയ, കത്വ, ഭൻവാരി ദേവി എന്നീ കേസുകളിൽ കൊല്ലപ്പെട്ട പെൺകുട്ടികളെയാണ് ഇതിൽ പ്രതിനിധീകരിക്കുന്നത്.