സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന് പിന്നാലെ കടുത്ത വിമർശനമാണ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹറിനെതിരെ ഉയർന്നത്. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിൽ സുശാന്തിനെ അപമാനിക്കുന്ന തരത്തിൽ കരൺ ജോഹർ പെരുമാറിയെന്ന് ആരോപിച്ച് സൈബര്‍ ആക്രണണവും ഉണ്ടായി. ഇതേ തുടർന്നാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് എതിരെ ചർച്ചകൾ ആരംഭിച്ചതും. തുടർന്ന്, നടി ആലിയ ഭട്ടിന്‍റെയും കരൺ ജോഹറിന്‍റെയും ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരവധി പേർ അൺഫോളോ ചെയ്‌തു. എന്നാൽ, വിമർശനങ്ങൾ രൂക്ഷമായതോടെ കരണ്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്ത് വെളിപ്പെടുത്തിയത്. മൂന്ന് വയസുള്ള കരണിന്‍റെ ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ ഭീഷണി ഉയരുന്നതായി സുഹൃത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
"തന്നെ മാത്രമല്ല, തന്നോട് അടുപ്പമുള്ളവരെയും നവമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നതിൽ കരൺ ജോഹർ ആശങ്കാകുലനാണ്. അദ്ദേഹത്തിന്‍റെ മൂന്ന് വയസുള്ള ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെയും വധ ഭീഷണിയുണ്ട്. സുശാന്തുമായി യാതൊരു ബന്ധവുമില്ലാത്ത അനന്യ പാണ്ഡെയും സമൂഹമാധ്യമങ്ങളുടെ രൂക്ഷ പ്രതികരണത്തിന് ഇരയാകുന്നു." സുശാന്തിന്‍റെ ആത്മഹത്യക്ക് പകരമായി അനന്യയോട് ആത്മഹത്യ ചെയ്യാൻ വരെ ആവശ്യപ്പെടുന്നതായും സുഹൃത്ത് വിശദീകരിച്ചു. കരൺ ജോഹറിനെ ഫോണിൽ ബന്ധപ്പെടുമ്പോൾ, അയാൾ എപ്പോഴും കരഞ്ഞു കൊണ്ടാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കരണ്‍ പ്രതികരിക്കില്ലെന്നും ഇതിൽ സംവിധായകൻ അഭിഭാഷകനോട് നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണ് സംവിധായകന്‍റെ സുഹൃത്ത് അറിയിച്ചത്.