കൊവിഡിനും ലോക്ക് ഡൗണിനും മുമ്പ് പ്രഖ്യാപിച്ച ബോളിവുഡ് സിനിമയായിരുന്നു സഞ്ജയ് ലീല ബന്‍സാലി-ആലിയ ഭട്ട് കൂട്ടുകെട്ടിന്‍റെ 'ഗംഗുഭായി കത്തിയാവാഡി'. ലോക്ക് ഡൗണ്‍, കൊവിഡ് എന്നിവ മൂലം ചിത്രീകരണം മുടങ്ങിയ സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചു. സിനിമയുടെ ചിത്രീകരണത്തിനായി മാസങ്ങള്‍ക്ക് ശേഷം നടി ആലിയ ഭട്ട് ഷൂട്ടിങ് സെറ്റിലെത്തി. മുംബൈയിലെ കാമാത്തിപുരത്തെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്ന ഗംഗു ഭായി എന്ന സ്ത്രീയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
2019ല്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്‌തിരുന്നു. ആലിയയുടെ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് പോസ്റ്ററുകളിൽ കാണിച്ചത്. മുടികള്‍ പിന്നി റിബ്ബൺ കൊണ്ട് കെട്ടിയ പെൺകുട്ടിയായും വലിയ സിന്ദൂരപ്പൊട്ട് തൊട്ട പക്വതയുള്ള സ്‌ത്രീയായും ആലിയയെ ചിത്രീകരിച്ചിരിക്കുന്നു. ആദ്യത്തേതിൽ മേശക്കരികിൽ ഒരു തോക്കും രണ്ടാമത്തെ ബ്ലാക്ക് ആന്‍റ് വൈറ്റ് പോസ്റ്ററിൽ പൂർണമായും ഒരു കത്തിയാവാഡി പെൺകുട്ടിയുമായാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
നിരവധി സിനിമകളാണ് ആലിയ 2020-21 വര്‍ഷത്തില്‍ ചെയ്യാന്‍ പോകുന്നത്. ഏറെ വെല്ലുവിളികളുള്ള വര്‍ഷത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്നും കൊവിഡ് വല്ലാതെ ഉലച്ച മേഖലകളില്‍ ഒന്ന് വിനോദ മേഖലയാണെന്നും സിനിമയെ വീണ്ടും പഴയ പ്രൗഢിയില്‍ എത്തിക്കാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ആലിയ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കാന്‍ സാധിക്കുന്ന സന്തോഷത്തിലാണ് ആലിയ. ബ്രഹ്മാസ്ത്ര, ആര്‍ആര്‍ആര്‍ എന്നിവയാണ് അണിയറയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് ആലിയ ഭട്ട് ചിത്രങ്ങള്‍.