വിവാദ-വിദ്വേഷ പരാമർശങ്ങൾ അടങ്ങുന്ന ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്ന് ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ ബോളിവുഡ് നടി കങ്കണ റണൗട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷൻ ഡിസൈനർമാരായ ആനന്ദ് ഭൂഷണും റിംസിം ഡാഡുവും. കങ്കണയുമായി ഇനി ഒരിക്കലും സഹകരിച്ച് പ്രവർത്തിക്കില്ലെന്നും മുൻകാലങ്ങളിൽ എടുത്ത താരത്തിന്‍റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുന്നതായും ആനന്ദ് ഭൂഷൺ ട്വിറ്ററിൽ പുറത്തുവിട്ട പ്രസ്താവനയിൽ വിശദീകരിച്ചു.
"ഇന്നത്തെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സമൂഹ മാധ്യമ ചാനലിൽ നിന്ന് കങ്കണ റണൗട്ടുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പിൻവലിക്കാൻ തീരുമാനിച്ചു. ഭാവിയിലും അവരുമായി സഹകരിക്കില്ലെന്ന് ഉറപ്പ് പറയുന്നു. ഒരു ബ്രാൻഡ് എന്ന നിലയിൽ അവരുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കാനാകില്ല" ആനന്ദ് ഭൂഷൺ പറഞ്ഞു.
ഡിസൈനർ റിംസിം ഡാഡുവും കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിശദമാക്കി. ഉചിതമായ കാര്യം ചെയ്യാൻ വൈകിയിട്ടില്ലെന്നും നടിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. എല്ലാ തരത്തിലുള്ള അക്രമവും അപലപിക്കപ്പെടേണ്ടതാണെന്നും റിംസി വ്യക്തമാക്കി.
എന്നാൽ, ഫാഷൻ ഡിസൈനറുമാരുടെ ബഹിഷ്കരണത്തിന് എതിരെ പ്രതികരണവുമായി കങ്കണയുടെ സഹോദരി രംഗോലി ചന്ദേൽ എത്തി. ഇരുവർക്കുമെതിരെ നിയമപരമായി പോരാടുമെന്ന് രംഗോലി അറിയിച്ചു. കങ്കണയ്‌ക്ക് ആനന്ദ് ഭൂഷണിന്‍റെ ബ്രാൻഡുമായി ബന്ധമില്ലെന്നും തന്‍റെ സഹോദരിയുടെ പേരിൽ മൈലേജ് നേടാനുള്ള ശ്രമമാണിതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. കങ്കണയുടെ പേര് ബ്രാൻഡിനൊപ്പം വലിച്ചിടാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നുമാണ് രംഗോലി ചന്ദേൽ പറഞ്ഞത്.
More Read: വിവാദ പരാമര്‍ശം : കങ്കണ റണാവത്തിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
എന്നാൽ, ഫാഷൻ ഡിസൈനർ ആനന്ദ് ഭൂഷണിന്‍റെ തീരുമാനത്തെ പ്രശംസിച്ച് സ്വര ഭാസ്കർ അടക്കമുള്ള സിനിമാതാരങ്ങൾ പ്രതികരിച്ചു. ട്വിറ്റർ അക്കൗണ്ട് ട്വിറ്റർ പൂട്ടുന്നതിന് മുമ്പ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെന്ന് താരം ഉപമിച്ചിരുന്നു. ഇതിനെതിരെ രണ്ടായിരത്തിന്‍റെ തുടക്കത്തിലുള്ള അവതാരത്തിലേക്ക് മാറൂ മോദിയെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഗുജറാത്ത് കലാപത്തെ ഉദ്ദേശിച്ചുള്ള പരാമർശത്തിനെതിരെയാണ് അക്കൗണ്ട് ട്വിറ്റർ എന്നെന്നേക്കുമായി പൂട്ടിയത്.