മുംബൈ: അന്തരിച്ച ടെലിവിഷൻ താരം ദിവ്യ ഭട്‌നഗറിനെ ഭർത്താവ് ഗഗൻ ഗബ്രു പീഡിപ്പിച്ചിരുന്നതായി ഹിന്ദി സീരിയല്‍ നടിയും മോഡലുമായ ദേവലീന ഭട്ടാചാറ്റർജി രംഗത്ത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദിവ്യ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കഴിഞ്ഞ കുറേ ആഴ്‌ചകളായി താരം വൈറസിനെതിരെ പൊരുതുകയായിരുന്നു. നവംബറിൽ ദിവ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ന്യുമോണിയയും അമിത രക്തസമ്മർദ്ദവും ഉള്ളതിനാൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നടി ജീവൻ നിലനിർത്തിയിരുന്നത്.
എന്നാൽ, ദിവ്യയുടെ അടുത്ത സുഹൃത്തും ടെലിവിഷൻ താരവുമായ ദേവലീന ദിവ്യയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണമാണ് ഉയർത്തുന്നത്. സുഹൃത്തിന്‍റെ വിയോഗത്തിലെ ദുഃഖം പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയ ദേവലീന, ദിവ്യ ശാരീരികമായും മാനസികമായും ഗഗനിൽ നിന്ന് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി.
ഇരുവരുടെയും ബന്ധത്തിന് തുടക്കം മുതൽ അയാൾ അവളെ ദുരുപയോഗം ചെയ്യുകയായിരുന്നു. എന്നാൽ, അയാളോടുള്ള സ്നേഹത്താൽ സുഹൃത്തുക്കളും ബന്ധുക്കളും എതിരായിട്ടും ദിവ്യ ഗഗനെ വിവാഹം ചെയ്‌തു. അവളുടെ സ്വർണാഭരണങ്ങൾ ഭർത്താവ് മോഷ്‌ടിച്ചിരുന്നുവെന്നും കർവ്വാ ചൗത്ത് ദിനത്തിൽ ഗഗൻ ശാരീരികമായി ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും നടി ആരോപിച്ചു.
ഗഗന്‍റെ ഇടപെടൽ കാരണം നാല് വർഷത്തോളം തനിക്ക് ദിവ്യയിൽ നിന്ന് അകന്ന് നിൽക്കേണ്ടി വന്നു. ഇതിനെല്ലാം നിങ്ങൾ മറുപടി പറഞ്ഞേ പറ്റൂ എന്നും ദേവലീന ആരോപിച്ചു. ഭർത്താവ് ഗഗൻ ഗബ്രുവിനെതിരെ ദിവ്യ മുംബൈ പൊലീസിൽ കേസ് നൽകിയിരുന്നതായും ദേവലീന ഭട്ടാചാറ്റർജി കൂട്ടിച്ചേർത്തു. യെ റിഷ്ത ക്യാ കെഹ്ലാതാ ഹേ, തേരാ യാര്‍ ഹൂന്‍ മേം പരമ്പരകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യ ഭട്‌നഗർ.