ന്യൂഡൽഹി: ആസിഡ് ആക്രമണത്തിനെതിരെ പോരാടിയ ലക്ഷ്‌മി അഗർവാളിന്‍റെ കഥ പറയുന്ന ചിത്രമാണ് ദീപിക പദുകോൺ നായികയായെത്തുന്ന ഛപാക്ക്. എന്നാൽ ചിത്രത്തിൽ തനിക്ക് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ഛപാക്കിന്‍റെ നിർമാതാക്കൾക്കെതിരെ നിയമപരമായി പരാതി നൽകുമെന്നും ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക പറഞ്ഞു. ലക്ഷ്‌മിക്ക് നീതി ലഭിക്കാനായി പോരാടിയ തനിക്ക് സിനിമയിൽ അംഗീകാരം നൽകിയിട്ടില്ല എന്നതാണ് അപർണ ഭട്ടിന്‍റെ വാദം.
"എന്‍റെ ജോലിയിൽ ശ്രദ്ധയാകർഷിക്കണമെന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ, ഛപാക്കിന്‍റെ ട്രെയിലറിലെ സംഭവങ്ങൾ കണ്ടപ്പോൾ മുതൽ അതെന്നെ അസ്വസ്ഥയാക്കി. എന്‍റെ വ്യക്തിത്വം സംരക്ഷിക്കാൻ ഞാൻ നിയമപരമായി പോരാടും. പട്യാല ഹൗസ് കോടതിയിൽ ലക്ഷ്‌മിക്ക് വേണ്ടി വാദിച്ചത് താനാണ്. നാളെ മറ്റാരെങ്കിലും അതിന്‍റെ പ്രതിഫലം എടുക്കും. ജീവിതത്തിന്‍റെ വിരോധാഭാസം," അപർണ ഫേസ്‌ബുക്കിലൂടെ തന്‍റെ അസംതൃപ്‌തി അറിയിച്ചു.അപർണാ ഭട്ടിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന് നിരവിധി പേരാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തൊട്ടു പിന്നാലെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ട് അപർണ ഭട്ട് വീണ്ടുമൊരു കുറിപ്പ് പങ്കുവെച്ചു. ബോളിവുഡിലെ വമ്പൻ ശക്തികളായ നിർമാതാക്കളോട് കിടപിടിക്കാനാകില്ലെങ്കിലും താൻ ഇതിനെതിരെ പ്രതികരിക്കുമെന്നും നിശബ്‌ദമായി ഇരിക്കുന്നത് കൂടുതൽ അനീതികളിലേക്ക് വഴി വക്കുമെന്നും അവർ കൂട്ടുച്ചേർത്തു.