നന്തി സിസ്റ്റേഴ്‌സിന്‍റെ ഖ്യാതി അതിർത്തികൾ കടന്നും വ്യാപിക്കുകയാണ്. അസം സ്വദേശികളായ അന്താരാ നന്തിയും അങ്കിത നന്തിയും പാടിയ മലയാളം നാടൻ പാട്ടുകളാണ് പുതിയതായി ശ്രദ്ധ നേടുന്നത്. ഉച്ചാരിക്കാൻ പ്രയാസമുള്ള ഭാഷയെന്നാണ് മലയാളത്തെ കുറിച്ച് മറ്റ് ഭാഷകളിലുള്ളവർ പൊതുവേ പറയാറ്. എന്നാൽ, നന്തി സഹോദരിമാരുടെ മലയാളത്തിലെ ഉച്ചാരണശുദ്ധിയും നാടൻ പാട്ടിന്‍റെ ഭംഗി ചോരാതെയുള്ള ആലാപനവും നാടൻ വസ്ത്രധാരണത്തിലുള്ള അവതരണവുമാണ് നവമാധ്യമങ്ങളെ കീഴടക്കുന്നത്. നാടൻപാട്ടുകളുടെ കവർ സോങ് ഒരു ദിവസത്തിനുള്ളൽ 62,000 ലൈക്കുകളും സ്വന്തമാക്കി കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
കലാഭവൻ മണിയുടെ 'കുട്ടനാടൻ പുഞ്ചയിലെ' എന്ന ഗാനവും 'നിന്നെ കാണാൻ എന്നെക്കാളും', 'അപ്പോഴും പറഞ്ഞില്ലേ' തുടങ്ങിയ നാടൻ പാട്ടുകളുമാണ് അന്താരയും അങ്കിതയും പാടി അവതരിപ്പിച്ചത്. കൂടാതെ, നമസ്‌കാരം എന്ന് മലയാളത്തിൽ പറഞ്ഞ് ഇരുവരും സ്വയം പരിചയപ്പെടുത്തുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്നും അസം ഗായികമാർ വീഡിയോയിൽ പറയുന്നു.
ലോക്ക് ഡൗൺ കാലത്ത് ഇവർ ആരംഭിച്ച ബാൽക്കണി കോൻസർട്ട് എന്ന പാട്ടുകളുടെ സീരീസിന്‍റെ ഭാഗമായാണ് മലയാളം നാടൻ പാട്ടുകളും അവതരിപ്പിച്ചത്. നാടൻപാട്ടുകൾക്കായുള്ള പരിശീലനത്തിന്‍റെ വീഡിയോ നേരത്തെ ഇവർ പുറത്തുവിട്ടുരുന്നു.
- " class="align-text-top noRightClick twitterSection" data="">
ആഴ്‌ചകൾ നീണ്ട പരിശീലനം
കലാഭവൻ മണിയുടെ പാട്ടുകളും നാടൻപാട്ടുകളും കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലെന്നും അതിനാലാണ് ഇത് അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായതെന്നും നന്തി സിസ്റ്റേഴ്‌സ് പറഞ്ഞു. മലയാളം പാട്ടിന്‍റെ മംഗ്ലീഷ് വരികൾ തെരഞ്ഞ് ഗൂഗിളിലേക്ക് പോയെങ്കിലും മലയാളം വരികൾ മാത്രമാണ് സഹോദരിമാർക്ക് കിട്ടിയത്. ഇതോടെ മലയാളി സുഹൃത്തുക്കളുടെ സഹായം തേടി. അവർ അയച്ചു നൽകിയ മംഗ്ലീഷ് വരികളെ ഹിന്ദിയിൽ എഴുതിയെടുത്താണ് ഇരുവരും പാട്ട് പരിശീലനം നടത്തിയത്. ഇതിന് ഇവർ പറയുന്ന കാരണം മലയാളത്തിലെ ഒരു അക്ഷരത്തിന് തന്നെ പല ഉച്ചാരണം വരുന്നുവെന്നതാണ്.
രണ്ട് ആഴ്ചത്തെ പരിശീലനവും കോസ്റ്റ്യൂം അടക്കമുള്ളവയുടെ തയ്യാറെടുപ്പുകൾക്കുമായി ഇവർ ചെലവഴിച്ച സമയത്തിനും സമർപ്പണത്തിനും നന്തി സിസ്റ്റേഴ്‌സിന് ഗംഭീരപ്രശംസയും ലഭിക്കുന്നു.
Also Read: പുരസ്‌കാര നിറവില്‍ 'മ് (സൗണ്ട് ഓഫ് പെയിന്‍)'
ഇതാദ്യമായല്ല, അസമിന്‍റെ നന്തി സിസ്റ്റേഴ്‌സ് അതിർത്തികൾ കടന്ന് പ്രശംസ നേടുന്നത്. നേരത്തെ, ഒഡിയ, കന്നഡ, മറാത്തി, ബംഗാളി, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ ഇവർ മ്യൂസിക് കവർ ഒരുക്കിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗസിൻ 'റോളിങ് സ്റ്റോൺ ഇന്ത്യ'യിലെ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടംപിടിച്ച കലാകാരാണ് അന്താരാ- അങ്കിത നന്തി. 'ട്യൂൺ കോർ ഇന്ത്യ'യുടെ 'പ്രാദേശിക പ്രാഗത്ഭ്യം ആഘോഷിക്കാം' എന്ന കാമ്പെയിനിന്‍റെയും ഭാഗമാണ് ഇവർ. കൂടാതെ, എസ്.പി.ബിയുടെ വിയോഗത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചുകൊണ്ടും നന്തി സിസ്റ്റേഴ്‌സ് കവർ സോങ് ഒരുക്കിയിട്ടുണ്ട്.