ഹൈദരാബാദ് : രാജമൗലിയുടെ ആർആർആറിന് ശേഷം ആലിയ ഭട്ടും രാം ചരണും വീണ്ടും സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നു. ആർആർആറിനെ പോലെ മറ്റൊരു പാൻ ഇന്ത്യ ചിത്രത്തിൽ തെന്നിന്ത്യൻ നടൻ രാംചരണിന്‍റെ നായികയായി ആലിയ എത്തുമെന്നാണ് റിപ്പോർട്ട്. ശങ്കറിന്‍റെ സംവിധാനത്തിൽ ഇന്ത്യയെമ്പാടും റിലീസിനൊരുക്കുന്ന ചിത്രത്തിലായിരിക്കും ഇരുവരും സ്‌ക്രീൻ പങ്കിടുന്നത്. എന്നാൽ, സിനിമയെ കുറിച്ച് സംവിധായകനോ അണിയറപ്രവർത്തകരോ സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം, ശങ്കർ സംവിധാനം ചെയ്യുന്ന അടുത്ത പുതിയ ചിത്രം വിക്രം അവതരിപ്പിച്ച അന്യന്‍റെ ബോളിവുഡ് റീമേക്കാണ്. 2005ൽ ശങ്കർ തന്നെ ഒരുക്കിയ തമിഴ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ ടൈറ്റിൽ റോളിലെത്തുന്നത് രൺവീർ സിംഗ് ആണ്. എന്നാൽ, സിനിമയുടെ പകർപ്പവകാശം തനിക്ക് സ്വന്തമാണെന്ന് ആരോപിച്ച് റീമേക്കിനെതിരെ അന്യന്‍റെ നിർമാതാവ് രംഗത്തെത്തിയിരുന്നു.
Also Read: അന്യൻ ഹിന്ദിയിൽ; ശങ്കറിന്‍റെ നായകൻ രൺവീർ സിംഗ്
ആലിയ ഭട്ടിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുബായ് കത്തിയാവാഡിയാണ്. അമിതാഭ് ബച്ചനൊപ്പം ബ്രഹ്മാസ്‌ത്ര, കരൺ ജോഹറിന്‍റെ തക്ത് തുടങ്ങിയ ചിത്രങ്ങളിലും ആലിയ ഭട്ട് അഭിനയിക്കുന്നുണ്ട്.