തിരുവനന്തപുരം : പൂർണമായും വനിതകൾ നിർമിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ വി സാറ്റിന്‍റെ (WESAT) നിർമാണം പൂർത്തിയായി. തിരുവനന്തപുരം പൂജപ്പുരയിലെ വനിത എൻജിനീയറിങ് കോളജിലെ സ്പേസ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് വിമൺ എൻജിനീയേർഡ് സാറ്റലൈറ്റ് (വി സാറ്റ്) നിർമിച്ചത്. കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാ വയലറ്റ് വികിരണങ്ങളുടെ സ്വാധീനം മനസിലാക്കുകയെന്നതാണ് ഉപഗ്രഹത്തിന്‍റെ ലക്ഷ്യം.
വിക്ഷേപണം പിഎസ്എൽവിക്കൊപ്പം : മൂന്ന് വർഷത്തെ കഠിനപ്രയത്നത്തിന് ശേഷമാണ് ഉപഗ്രഹത്തിന്‍റെ നിർമാണം പൂർത്തിയാകുന്നത്. ഇന്ന് വൈകുന്നേരം കോളജ് ക്യാമ്പസിൽ വച്ച് ഉപഗ്രഹം ഐഎസ്ആർഒക്ക് കൈമാറും. അടുത്ത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തോടൊപ്പം സാറ്റലൈറ്റ് ഭ്രമണപഥത്തിൽ എത്തിക്കുമെന്നാണ് വിവരം.
എൽബിഎസ് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്‌ടർ ലിസി എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് സാറ്റലൈറ്റ് നിർമിച്ചിരിക്കുന്നത്. 30ലധികം വിദ്യാർഥിനികളുടെ കഠിന പ്രയത്നത്തിന്‍റെ ഫലമാണ് വി സാറ്റ്. ഇതോടെ കേരളത്തിലെ കാലാവസ്ഥ വ്യതിയാന പഠനങ്ങൾ എളുപ്പമാവുമെന്നാണ് കരുതുന്നത്.
ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവുമായി എൽബിഎസ് കോളജ് കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ധാരണപത്രം ഒപ്പുവച്ചത്. ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിഎസ്എസ്‌സിയിൽ വച്ചാണ് ഉപഗ്രഹത്തിന്‍റെ തെർമൽ ടെസ്റ്റ്, വാക്വം ടെസ്റ്റ്, വൈബ്രേഷൻ ടെസ്റ്റ് എന്നിവ നടത്തിയത്.
കാലാവസ്ഥ വ്യതിയാന പഠനത്തിന് പുതിയ വഴിത്തിരിവ് : കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ അൾട്രാ വയലറ്റ് റേഡിയേഷനുകളുടെ സ്വാധീനം നിരീക്ഷിക്കൽ ആണ് വി സാറ്റിന്‍റെ ലക്ഷ്യം. ഉപഗ്രഹത്തിൽ നിന്നും ലഭിക്കുന്ന ഡാറ്റ അനുസരിച്ച് ബഹിരാകാശത്തെയും ഭൗമോപരിതലത്തിലെയും അൾട്രാവയലറ്റ് വികിരണങ്ങളുടെ തോത് അളക്കാനും ഇതുമൂലം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാനും സാധിക്കും.
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യയിലെ പെലോഡുകൾ പ്രവർത്തിച്ച് തുയങ്ങിയതായി ഐഎസ്‌ആർഒ അറിയിച്ചിരുന്നു. ആദിത്യ എൽ 1 പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോ മീറ്റർ അകലെ ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓർബിറ്റിനെ ലക്ഷ്യം വച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.