തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിനികൾ അതിരുകളില്ലാത്ത സന്തോഷത്തിലാണ്. പൂർണ്ണമായും വനിതകൾ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ വി സാറ്റിന്‍റെ (WESAT) നിർമാണത്തിൽ ചുക്കാൻ പിടിച്ചതിന്‍റെ അഭിമാനത്തിലായിരുന്നു അവർ. നാല് വർഷത്തെ കഠിന പ്രയത്നം പൂർത്തിയായാക്കി ഉപഗ്രഹം ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് കൈമാറി.
ബഹിരാകാശത്തിലും ഭൗമോപരിതലത്തിലുമുള്ള അൾട്രാ വയലറ്റ് വികിരണങ്ങളുടെ തോത് അളക്കുന്നതിനും കേരളത്തിലെ കാലാവസ്ഥയിൽ അവയ്‌ക്കുള്ള സ്വാധീനം മനസിലാക്കുന്നതിനുമായി തങ്ങളുടെ നേതൃത്വത്തിൽ നിർമിച്ച വിമൺ എൻജിനീയർഡ് സാറ്റലൈറ്റ് (Women Engineered satellite) അഥവാ വി സാറ്റ് ഉണ്ടാകും എന്നതിന്‍റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പൂജപ്പുര എൽബിഎസ് വനിത എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിനികൾ.
കഴിഞ്ഞ സെപ്റ്റംബറിൽ ഐഎസ്ആർഒയുമായി ഒപ്പിട്ട ധാരണ പ്രകാരം പൂജപ്പുര എൽബിഎസ് എഞ്ചിനീയറിങ് കോളജിലെ സ്പേസ് ക്ലബിന്‍റെ നേതൃത്വത്തിലാണ് വിമൻ എൻജിനീയർഡ് സാറ്റലൈറ്റ് നിർമിച്ചത്. കോളജില്‍ നടന്ന ചടങ്ങില്‍ ഉപഗ്രഹം ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് കൈമാറി.
ഐഎസ്ആർഒ (ISRO) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിഎസ്എസ്സിയിൽ വച്ചാണ് ഉപഗ്രഹത്തിന്‍റെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ നടത്തിയ തെർമൽ ടെസ്റ്റ്, വാക്വം ടെസ്റ്റ്, വൈബ്രേഷൻ ടെസ്റ്റ് എന്നിവയെല്ലാം വിജയകരമായി തന്നെ വി സാറ്റ് പാസായിരുന്നു. പിഎസ്എൽവിയുടെ 60ാമത് വിക്ഷേപണത്തിൽ വി സാറ്റും ഭ്രമണപഥത്തിൽ എത്തിക്കും.
സാറ്റലൈറ്റ് നിർമാണത്തിൽ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽകിയത് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ലിസി എബ്രഹാം ആയിരുന്നു. ഏകദേശം നാല് വർഷത്തോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് വി സാറ്റ് എന്ന സ്വപ്‌നം പൂർത്തിയായത്. മുപ്പതിലധികം വിദ്യാർത്ഥിനികൾ ഉപഗ്രഹത്തിന്‍റെ നിർമാണത്തിൽ ഭാഗമായിട്ടുണ്ട്.
ഉപഗ്രഹ നിർമാണത്തിന് പിന്നാലെ വിവിധ കോളജുകളിൽ നിന്നായി പദ്ധതിയെ കുറിച്ച് അറിയാൻ നിരവധി പേരാണ് എത്തുന്നത്. കേരളത്തിന് അഭിമാനകരമായ വി സാറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനിയും പുതിയ സംഭാവനകൾ ശാസ്‌ത്രത്തിന് ലഭിക്കുമെന്നുറപ്പാണ്. വിദ്യാർത്ഥിനികൾ ഉപഗ്രഹ നിർമാണത്തിന് താൽപര്യമറിയിച്ച് ഐഎസ്ആർഒയെ ബന്ധപ്പെടുകയും തുടർന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്‍ററുമായി ചേർന്ന് ദൗത്യം പൂർത്തീകരിക്കുകയുമായിരുന്നു.
Also read: ഭ്രമണപഥം തൊടാന്‍ 'വിസാറ്റ്' ; എൽബിഎസ് വനിത കോളജിന് കൈ കൊടുത്ത് ഐഎസ്ആർഒ