വാഷിങ്‌ടണ്‍: ചൊവ്വയുടെ ആകാശത്തിലേക്ക് ആദ്യ മനുഷ്യനിര്‍മിത വസ്‌തു പറന്നുയരുന്നത് കാണാന്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. പെര്‍സിവറന്‍സ് റോവറിനൊപ്പമുള്ള ഹെലികോപ്‌റ്റര്‍ 'ഇന്‍ജെന്യൂയിറ്റി' ആകാശത്തേക്കുയരാന്‍ 60 ചൊവ്വാ ദിവസങ്ങളുടെ തയാറെടുപ്പാണ് നാസക്ക് വേണ്ടിവരിക. ഭൂമിയുടേതിനേക്കാള്‍ അല്‍പ്പം കൂടി ദൈര്‍ഘ്യമേറിയതാണ് ഒരു ചൊവ്വാ ദിവസം. കോപ്‌റ്ററിനെ ആകാശത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ ഇതിനകം ആരംഭിച്ചു. ഹെലികോപ്‌റ്റര്‍ പറന്നുയരാന്‍ അനുയോജ്യമായ സ്ഥലം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പറന്നുയരാന്‍ അനുയോജ്യമായ സ്ഥലത്തെ 'ഹെലികോപ്‌റ്റര്‍ പാഡെന്നാണ്' നാസ വിശേഷിപ്പിക്കുന്നത്. കോപ്‌റ്റര്‍ എന്ന് പെർസിവറന്‍സ് റോവറില്‍ നിന്നും പറന്നുയരുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. നാസയുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമായാല്‍ ചൊവ്വയുടെ ആകാശത്ത് പറന്നുയരുന്ന ആദ്യ മനുഷ്യ നിര്‍മിത വസ്‌തുവാകും ഇത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായാല്‍ രണ്ട് മാസത്തിന് ശേഷം ഇന്‍ജെന്യൂയിറ്റിയുടെ വിശേഷങ്ങളും നാസ പങ്കുവെക്കും.
അതേസമയം ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 2.45ന് ചൊവ്വയുടെ പ്രതലത്തിലിറങ്ങിയ പെര്‍സിവറന്‍സ് ഇതിനകം ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ലാന്‍ഡിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനകം റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ നാസ ട്വീറ്റ് ചെയ്‌തിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയും ലഭിച്ചു. ഇവയെല്ലാം ഇതിനകം വിശകലം ചെയ്യാന്‍ തുടങ്ങിയതോടെ വിലപ്പെട്ട വിവരങ്ങളാണ് ശാസ്‌ത്രലോകത്തിന് ലഭിക്കുന്നത്. ചിത്രങ്ങളിലെ പാറകളുടെ ഘടന പരിശോധിച്ചതിലൂടെ അവിടെ ഏറെ കാലം മുമ്പ് അഗ്‌നിപര്‍വത സ്‌ഫോടനമോ ജലത്തിന്‍റെ അംശമോ ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് ശാസ്‌ത്രഞ്ജര്‍.
പെര്‍സിവറന്‍സിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാണ്. റോവറുമായുള്ള ആശയ വിനിമയവും സുഗമമായി മുന്നോട്ടുപോകുന്നുണ്ട്. ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം അന്വേഷിക്കുകയാണ് റോവറിന്‍റെ പ്രധാന ദൗത്യം.