ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന സൗരയൂഥ പ്രതിഭാസം ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് ദൃശ്യമാകുകയാണ്. ശുക്രന്‍, ചൊവ്വ , വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ ഒരുമിച്ച് നേര്‍ രേഖയില്‍ നിലയുറപ്പിക്കുന്നതാണ് ഈ പ്രതിഭാസം. കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആകാശങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമാകും.
ഇത്തരത്തിലുള്ള ഗ്രഹങ്ങളുടെ പരേഡ് അവസാനമായി സംഭവിച്ചത് 947 എഡിയിലാണ്. എപ്രില്‍ 27ന് 30 ഡിഗ്രിക്കുള്ളില്‍ ഈ നാല് ഗ്രഹങ്ങളും ചന്ദ്രനോടൊപ്പം നേര്‍ രേഖയില്‍ കിഴക്കന്‍ ചക്രവാളത്തില്‍ ദൃശ്യമാകും. ഏപ്രില്‍ 30ന് ഏറ്റവും പ്രകാശമുള്ള ഗ്രഹങ്ങളായ ശുക്രനും ജ്യൂപ്പിറ്ററും വളരെ അടുത്തടുത്ത് ദൃശ്യമാകും. ശുക്രന്‍ 0.2 ഡിഗ്രി വ്യാഴത്തിന്‍റെ തെക്കായിട്ടാണ് കാണപ്പെടുക.
സൂര്യോദയത്തിന് മുന്‍പ് എകദേശം ഒരു മണിക്കൂറാണ് ഈ പ്രതിഭാസം നിലനില്‍ക്കുക എന്ന് ഭുവനേശ്വറിലെ പതാനി സമന്ത പ്ലേനിറ്റേറിയം ഡെപ്യൂട്ടി ഡയരക്ടര്‍ സുഭേന്ദു പട്‌നായിക് പറഞ്ഞു. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ ആകാശത്തിന്‍റെ ഒരു ഭാഗത്ത് ഒരു വരിയില്‍ ദൃശ്യമാകുന്നതിനെ പൊതുവെ ഗ്രഹങ്ങളുടെ പരേഡ് എന്നാണ് പറയുന്നത്. പല തരത്തിലുള്ള ഗ്രഹങ്ങളുടെ പരേഡുണ്ട്.
മൂന്ന് ഗ്രഹങ്ങള്‍ സൂര്യന്‍റെ ഒരുഭാഗത്ത് നിലയുറപ്പിക്കുന്ന പ്രതിഭാസം വളരെ സാധരണമാണ്. ഒരു വര്‍ഷത്തില്‍ തന്നെ പല പ്രാവശ്യം ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. എന്നാല്‍ നാല് ഗ്രഹങ്ങള്‍ നേര്‍ രേഖയില്‍ വരുന്നത് അപൂര്‍വ പ്രതിഭാസമാണ്.