തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങില്‍ ഇടപിടിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. നാല്‍പ്പത്തിനാലാം റാങ്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ദേശീയ റാങ്കിങില്‍ ഉള്‍പ്പെടുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്. ) എന്ന റാങ്ക് പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജും ഉള്‍പ്പെട്ടരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ നിലവാരം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ചികിത്സാ നിലവാരം എന്നിവ പരിശോധിച്ചാണ് പട്ടിക തയാറാക്കുന്നത്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയമാണ് മന്ത്രാലയമാണ് വിവധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് പട്ടിക തയാറാക്കുന്നത്.
മികച്ച അധ്യാപനം, പഠന സൗകര്യങ്ങള്‍, പ്രൊഫഷണല്‍ പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള സൗകര്യം, സമയബന്ധിതമായ ബിരുദദാനം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ പട്ടിക തയാറാക്കുന്നതിന്‍റെ മാദണ്ഡങ്ങളാണ്. മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു റാങ്ക് പട്ടിക പുറത്തുവിടുന്നത്.
ദേശീയ തലത്തില്‍ മെഡിക്കല്‍ സീറ്റുകള്‍ അലോട്ട് ചെയ്യുന്നതിനാല്‍ മെഡിക്കല്‍ രംഗത്തെ മികച്ച സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക എന്നത് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. എന്നാല്‍ ഈ റാങ്ക് പട്ടിക പരിശോധിക്കുന്നത് രാജ്യത്തെ മികച്ച സ്ഥാപനങ്ങളെ എളുപ്പത്തില്‍ മനസിലാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. 50 മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പട്ടികയില്‍ ഒന്നാമതുള്ളത് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ്. 94.32 സ്‌കോര്‍ നേടിയാണ് ഡല്‍ഹി എയിംസ് ഒന്നാം സ്ഥാനം നേടിയത്. ചണ്ടീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് രണ്ടാം സ്ഥാനത്തുള്ളത്. 81.1 സ്‌കോറാണ് ഈ സ്ഥാപനത്തിന് ലഭിച്ചിരിക്കുന്നത്.
75.29 സ്‌കോര്‍ നേടിയ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജാണ് മൂന്നാം റാങ്കിലുള്ളത്. രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 51.91 സ്‌കോര്‍ നേടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് 44-ാം സ്ഥാനം കരസ്ഥമാക്കിയത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം ദന്തല്‍ കോളജുകളില്‍ തിരുവനന്തപുരം ദന്തല്‍ കോളജ് 25-ാം റാങ്ക് നേടി. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സന്‍സ് ആന്‍ഡ് ടെക്‌നോളജി പത്താം സ്ഥാനം നേടിയിട്ടുണ്ട്. 65.24 സ്‌കോറാണ് ശ്രീചിത്ര നേടിരിക്കുന്നത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസിലെ മൂന്ന് സ്ഥാപനങ്ങളാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റീവ് ഉള്‍പ്പടെ ആവിഷ്‌കരിച്ച് നടപ്പാക്കിയാതാണ് ഈ മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫേസ്‌ബുക്കില്‍ കുറിച്ചു. പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദിയും മന്ത്രി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, റീജിയണല്‍ കാൻസര്‍ സെന്‍റര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സന്‍സ് ആൻഡ് ടെക്‌നോളജി, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള ശ്രീചിത്തിര തിരുന്നാള്‍ ഹോസ്‌പിറ്റല്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍സ്, കോളജ് നഴ്‌സിങ്ങ് എന്നിവയുള്‍പ്പെട്ടതാണ് മെഡിക്കല്‍ കോളജ് ക്യാംപസ്. 1951ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് മെഡിക്കല്‍ കോളജ് ഉദ്‌ഘാടനം ചെയ്‌തത്. ഇന്ന് ദേശീയതലത്തിലെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് നേട്ടങ്ങളുടെ പാതയിലാണ് മെഡിക്കല്‍ കോളജ് ക്യാംപസ്.