ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) വളര്‍ച്ച നിയന്ത്രിക്കുന്നതിനോ വിഷയത്തില്‍ നിയമം കൊണ്ടു വരുന്നതിനോ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രാജ്യത്തിനും സാങ്കേതിക മേഖലയ്‌ക്കും തന്ത്രപ്രധാനമായ മുതല്‍ക്കൂട്ടാണെന്നും ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
'സംരംഭകത്വത്തിന്‍റെയും വ്യാപാരത്തിന്‍റെയും വളർച്ചയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചലനാത്മകമായ സ്വാധീനം ചെലുത്തും. രാജ്യത്ത് ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖല വികസിപ്പിക്കുന്നതിന് നയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും', മന്ത്രാലയം വ്യക്തമാക്കി. 2018 ജൂണിൽ സര്‍ക്കാര്‍ നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രസിദ്ധീകരിക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഗവേഷണത്തിനും അവലംബിക്കുന്നതിനുമായി ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു.
ഈ പ്രത്യേക മേഖലകളിലെ അവസരങ്ങൾ സമഗ്രമാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉൾപ്പെടെ ഉയർന്നുവരുന്ന വിവിധ സാങ്കേതിക വിദ്യകളിൽ മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. ഈ കേന്ദ്രങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് പ്രീമിയം പ്ലഗ്-ആൻഡ്-പ്ലേ കോ-വർക്കിങ് സ്‌പെയ്‌സുകള്‍ നല്‍കുന്നു എന്നും മന്ത്രാലയം വ്യക്തമാക്കി. ഗ്ലോബൽ പാർട്‌ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (ജിപിഎഐ) സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ.
വിദേശ ചാറ്റ്‌ബോട്ടുകൾ സംയോജിപ്പിക്കുന്നത് മാത്രമല്ല, കോടിക്കണക്കിന് പൗരന്മാരെ ശാക്തീകരിക്കുന്നതിനായി അടുത്ത തലമുറയെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ആഗോള ശക്തികേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍റ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
Also Read: അര്‍ബുദ ജീനുകളെ കണ്ടെത്താനായി നിര്‍മിതബുദ്ധി വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസ്
'ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തീർച്ചയായും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുകയും രാജ്യത്തെ വ്യാപാര സമ്പദ്‌വ്യവസ്ഥയെ വളർത്തുകയും ചെയ്യും. അതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാര്യത്തില്‍ ആഗോള തലത്തില്‍ ഒന്നാമത് എത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു', മന്ത്രി പറഞ്ഞു.
'ഉത്തരവാദിത്തത്തോടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എല്ലാവര്‍ക്കും' എന്ന വിഷയത്തില്‍ നീതി ആയോഗ് പ്രബന്ധങ്ങളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1,900 ലധികം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കേന്ദ്രീകൃത സ്റ്റാർട്ടപ്പുകൾ രാജ്യത്ത് നൂതനമായ പരിഹാരം നല്‍കുന്നു. കണ്‍സര്‍വേഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എന്‍എല്‍പി, വീഡിയോ അനലിറ്റിക്‌സ്, രോഗ നിര്‍ണയം, തട്ടിപ്പ് തടയൽ, ആഴത്തിലുള്ള തട്ടിപ്പ് കണ്ടെത്തൽ എന്നീ മേഖലകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രാഥമികമായി പ്രവര്‍ത്തിച്ച് വരുന്നത്.
Also Read: പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ രോഗനിര്‍ണയത്തിന് 'നിര്‍മിത ബുദ്ധി'?; ശാസ്‌ത്ര രംഗത്ത് വിപ്‌ളവ ചുവടുകള്‍