കേപ് കനവെറല്‍ (യുഎസ്): അമേരിക്കയുടെ ബഹിരാകാശ ദൗത്യസംഘമായ നാസയുടെ ന്യൂമൂൺ റോക്കറ്റില്‍ അപകടകരമായ ഇന്ധന ചോർച്ച. ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് ഇന്ന് (03.09.2022) അയക്കാനിരുന്ന ന്യൂമൂൺ റോക്കറ്റിലാണ് ഇന്ധന ചോർച്ചയുണ്ടായത്. ഇതോടെ പരീക്ഷണ ഡമ്മികളുമായുള്ള ക്രു ക്യാപ്‌സ്യൂള്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് അയക്കാനുള്ള രണ്ടാമത്തെ ശ്രമവും വിക്ഷേപണ കൺട്രോളറുമാര്‍ മാറ്റി വച്ചു.
ഈ ആഴ്‌ചയുടെ തുടക്കത്തില്‍ തന്നെ ഇതിന്‍റെ ആദ്യ ശ്രമവും ഹൈഡ്രജന്‍ ചോര്‍ച്ച കാരണം നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു. നാസ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തമായ 322 അടി റോക്കറ്റിന്‍റെ മറ്റൊരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ഇന്നുണ്ടായ ഗൗരവകരമായ ചോര്‍ച്ച വിക്ഷേപണത്തിന്‍റെ ചുമതലയുള്ള ഡയക്‌ടർ ചാർലി ബ്ലാക്ക്‌വെൽ തോംസണും സംഘവും അന്നത്തേത് പോലെ അടയ്‌ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
സപ്ലൈ ലൈനിന് ചുറ്റുമുള്ള സീലിലെ വിടവ് അഴിച്ച് സൂപ്പർ കോൾഡ് ലിക്വിഡ് ഹൈഡ്രജന്റെ ഒഴുക്ക് നിര്‍ത്തുകയും, പുനരാരംഭിക്കുകയും ചെയ്‌തുവെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. രണ്ട് തവണ സംഘം ഇത് ആവര്‍ത്തിക്കുകയും തുടര്‍ന്ന് ഈ ലൈനിലൂടെ ഹീലിയം ഒഴുക്കിവിടുകയും ചെയ്‌തു. മൂന്നോ നാലോ മണിക്കൂറുകളിലെ പരിശ്രമത്തിനൊടുവിലും ചോര്‍ച്ച തുടര്‍ന്നതോടെയാണ് ബ്ലാക്ക്‌വെൽ തോംസൺ ശ്രമം ഉപേക്ഷിച്ചതായി അറിയിച്ചത്.