ചെന്നൈ : ഇലക്‌ട്രോണിക് റേസിങ് കാര്‍ നിര്‍മിച്ച് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥികള്‍. മദ്രാസ് ഐഐടിയില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്‌ട്രോണിക് റേസിങ് കാര്‍ ആണിത്. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന 'ഫോര്‍മുല' ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായാണ് കാര്‍ നിര്‍മാണം.
ഒരു വര്‍ഷം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ആര്‍എഫ് 23 എന്ന ഇലക്‌ട്രിക് ഫോര്‍മുല റേസിങ് കാറിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിവിധ സ്‌ട്രീമുകളില്‍ നിന്നുള്ള 45 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീം 'റഫ്‌താര്‍' ആണ് കാര്‍ നിര്‍മിച്ചത്. മത്സരത്തില്‍ മികച്ച ടീമായി മാറുകയാണ് ടീം റഫ്‌താറിന്‍റെ ലക്ഷ്യം.
അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും വ്യവസായ നിലവാരമുള്ള എഞ്ചിനീയറിങ് രീതികൾ പരിപോഷിപ്പിക്കാനും വിദ്യാർഥികൾക്കിടയിൽ യഥാർഥ ലോക സാങ്കേതിക വൈദഗ്ധ്യം വളര്‍ത്താനും ആഗ്രഹിക്കുന്നതായി സംഘം പറഞ്ഞു. ആഗോള തലത്തില്‍ ഇലക്‌ട്രിക് വാഹന വ്യവസായം നവോത്ഥാന ഘട്ടത്തിലാണെന്നും അതിനാല്‍ ഈ രംഗത്ത് വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉള്ള സാധ്യത കൂടുതലാണെന്നും ആര്‍എഫ് 23 അനാഛാദനം ചെയ്‌തുകൊണ്ട് ഐഐടി മദ്രാസ് ഡയറക്‌ടർ പ്രൊഫ വി കാമകോടി അറിയിച്ചു.
2023 ജനുവരിയിൽ കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേയിൽ നടക്കുന്ന ഫോർമുല ഭാരത് പരിപാടിയിൽ റഫ്‌താര്‍ ടീം പങ്കെടുക്കും. 2023 ഓഗസ്റ്റിൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഫോർമുല സ്റ്റുഡന്‍റ് ഇവന്‍റായ ഫോർമുല സ്റ്റുഡന്‍റ് ജർമനിയില്‍ ഈ കാർ പരിചയപ്പെടുത്തുകയും ലോകമെമ്പാടുമുള്ള മികച്ച ടീമുകളുമായി മത്സരിച്ച് ജയിക്കുകയുമാണ് സംഘത്തിന്‍റെ ലക്ഷ്യം.
2025-ഓടെ ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ആദ്യ റേസ് കാർ വികസിപ്പിക്കാനും ഫോർമുല സ്റ്റുഡന്‍റ് ഇവന്‍റുകളുടെ ‘ഡ്രൈവർലെസ് വിഭാഗത്തിൽ’ പങ്കെടുക്കാനും റഫ്‌താര്‍ ടീം ലക്ഷ്യമിടുന്നു. അതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥി സംഘം.