ന്യൂഡല്‍ഹി : സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്‌ബുക്കില്‍ നിന്ന് അകാരണമായി ഫോളോവേഴ്‌സ് കുറയുന്നതായി പരാതിപ്പെട്ട് ഉപയോക്താക്കള്‍. അതേസമയം മെറ്റയുടെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ അക്കൗണ്ടില്‍ 119 ദശലക്ഷം ഫോളോവേഴ്‌സിന്‍റെ കുറവുണ്ടായതിനെ തുടര്‍ന്ന് നിലവില്‍ 9,993 പേര്‍ മാത്രമാണുള്ളത്.
ഫേസ്‌ബുക്കിലുണ്ടായ ഒരു ബഗ്ഗാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് പരിഹരിച്ച് പഴയ രീതിയിലാക്കാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ഉപയോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും മെറ്റ അറിയിച്ചു. അതേസമയം വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങിനെയെങ്കില്‍ മെറ്റ സ്ഥാപകന്‍റെ അക്കൗണ്ടില്‍ ഇതുവരെ ഉണ്ടായിരുന്നത് വ്യാജ ഫോളോവേഴ്‌സായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേസമയം ഫേസ്‌ബുക്കിലുണ്ടായ ഈ തകരാറിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തി. "ഫേസ്ബുക്ക് ഒരു സുനാമി സൃഷ്‌ടിച്ചു. അത് എന്‍റെ ഫോളോവേഴ്‌സില്‍ ഏതാണ്ട് 900,000 പേരെ തുടച്ചുനീക്കുകയും 9000 പേരെ തീരത്ത് അവശേഷിപ്പിക്കുകയും ചെയ്തു. എനിക്ക് ഫേസ്ബുക്കിന്‍റെ കോമഡി ഇഷ്‌ടമാണ്"- പ്രശസ്‌ത സാഹിത്യകാരി തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തു. മാത്രമല്ല അടുത്തിടെയായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ 71 ശതമാനം ഇടിവ് വന്നതായും കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. അമേരിക്കയില്‍ മാത്രം കൗമാരക്കാരില്‍ നടത്തിയ സര്‍വേയില്‍ 2014-15 കാലയളവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 71 ശതമാനം ഇടിവുണ്ടായതാണ് പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകളിലുള്ളത്.
കൂടാതെ 2014-15 മുതലുള്ള സോഷ്യൽ മീഡിയ ലാൻഡ്‌സ്‌കേപ്പിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത് ടിക് ടോക്കിന്‍റെ ഉയർച്ചയും, ഫേസ്‌ബുക്കിന്‍റെ തകർച്ചയുമാണെന്ന പഠനങ്ങള്‍ നിലനില്‍ക്കെയാണ് ബഗ്ഗുകളും, കൈപ്പിഴകളും ഫേസ്‌ബുക്കിനെ വളഞ്ഞിട്ടാക്രമിക്കുന്നത്.