ന്യൂയോർക്ക് : 2018ൽ ചൊവ്വയിൽ നിന്നും മാർസ് എക്‌സ്പ്രസ് ഓർബിറ്റർ അയച്ച വിശദാംശങ്ങളില്‍ അത്ഭുതാവഹമായ ഒരു കാര്യമുണ്ടായിരുന്നു. ഗ്രഹത്തിൽ ഒരു ദ്രാവക ഭൂഗർഭ തടാകം ഉണ്ടായിരുന്നെന്നാണ് ശാസ്‌ത്ര സംഘം പുറത്തുവിട്ടത്. ചൊവ്വയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ലഭിച്ച റഡാർ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇതോടെ ചുവന്ന ഗ്രഹത്തിലെ ജല സാന്നിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളും ജീവന്‍റെ സാധ്യതയും കൂടുതൽ ചർച്ചയായി തുടങ്ങി. പിന്നീട്, മാർസ് എക്‌സ്പ്രസ് ഡാറ്റയുടെ വിശദമായ വിശകലനത്തിലൂടെ നാസയിലെയും അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും (എഎസ്‌യു) ശാസ്‌ത്രജ്ഞരുടെ ഒരു സംഘം, ദക്ഷിണധ്രുവത്തിന് ചുറ്റും സമാനമായ ഡസൻ കണക്കിന് റഡാർ പ്രതിഫലനങ്ങൾ കണ്ടെത്തി.
എന്നാൽ, ജലത്തിന് ദ്രാവക രൂപത്തിൽ തുടരാൻ കഴിയാത്തത്ര തണുപ്പുള്ള സ്ഥലങ്ങളിലായിരുന്നു ഇവയെല്ലാം എന്നും ശാസ്‌ത്രജ്ഞർ പറയുന്നു. സാധാരണയായി, ഒരു വസ്‌തുവിലൂടെ സഞ്ചരിക്കുമ്പോൾ റഡാർ തരംഗങ്ങൾക്ക് ഊർജം നഷ്‌ടപ്പെടുമെന്നും അതിനാൽ തന്നെ ആഴത്തിൽ നിന്നുള്ള പ്രതിഫലനങ്ങൾ ഉപരിതലത്തിൽ നിന്നുള്ളതിനേക്കാൾ തെളിച്ചം കുറവുള്ളതായിരിക്കണമെന്നും എഎസ്‌യുവിന്‍റെ സ്‌കൂൾ ഓഫ് എർത്ത് ആൻഡ് സ്‌പേസ് എക്‌സ്‌പ്ലോറേഷനിലെ ആദിത്യ ഖുള്ളർ പറഞ്ഞു.
അസാധാരണമായി തെളിച്ചമുള്ള ഉപരിതല പ്രതിഫലനങ്ങൾക്ക് ചില കാരണങ്ങളുണ്ടെങ്കിലും, ദ്രാവക ജലമാണ് ഈ ശോഭയുള്ള പ്രതിഫലനങ്ങൾക്ക് കാരണമെന്ന നിഗമനത്തിലേക്ക് ഈ രണ്ട് പഠനങ്ങളും എത്തി.
സൗത്ത് പോളാർ ലെയേർഡ് ഡിപ്പോസിറ്റ് എന്നറിയപ്പെടുന്ന ചൊവ്വയിലെ ഒരു പ്രദേശത്താണ് ദ്രാവക ജലം എന്ന് ആദ്യം വ്യാഖ്യാനിച്ച റഡാർ സിഗ്നലുകൾ കണ്ടെത്തിയത്. ഈ പ്രദേശത്ത് 10 മുതൽ 20 കിലോമീറ്റർ വരെ ദ്രാവക ജലം അടങ്ങിയിരിക്കാമെന്നും ആദ്യം അനുമാനിക്കപ്പെട്ടു.
ജലമാണോ അല്ലയോ!
പുതിയ പഠനത്തിൽ ശാസ്‌ത്ര സംഘം റഡാർ തരംഗങ്ങൾക്കായുള്ള തെരച്ചിൽ കൂടുതൽ വ്യാപിപ്പിച്ചു. തുടർന്ന്, മുമ്പത്തേക്കാൾ വളരെ വലിയ വിസ്‌തൃതിയിലും ആഴത്തിലും ഡസൻ കണക്കിന് അധിക റഡാർ പ്രതിഫലനങ്ങളാണ് ഇത് വെളിപ്പെടുത്തിയത്. ഇതോടെ ഡസൻ കണക്കിന് ഭൂഗർഭ തടാകങ്ങൾ ചൊവ്വയിലുണ്ടായേക്കാമെന്നാണ് കരുതുന്നത്
ചില പ്രദേശങ്ങളിൽ അവ ഉപരിതലത്തിൽ നിന്ന് ഒരു മൈൽ മാത്രം താഴെയായിരുന്നു കണ്ടെത്തിയത്. ഈ പ്രദേശങ്ങളിലെ താപനില മൈനസ് 63 ഡിഗ്രി സെൽഷ്യസ് ആണെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ വെള്ളം കട്ടപിടിച്ചുപോകാനാണ് സാധ്യത.
വെള്ളത്തിൽ പെർക്ലോറേറ്റുകൾ എന്നറിയപ്പെടുന്ന ധാതുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും വെള്ളം കട്ടപിടിക്കാനാണ് സാധ്യത കൂടുതലെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. എന്നിട്ടും ഇത്തരത്തിൽ ജലാംശം കാണപ്പെടുന്നത് ശാസ്‌ത്രജ്ഞരെ കുഴപ്പിക്കുന്നുണ്ട്.
Also Read: ചൊവ്വയിൽ മാർസ് റോവർ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരി വന്ദി വർമ ; അവിശ്വസനീയമെന്ന് പ്രതികരണം
നിലവിൽ ചൊവ്വയിൽ നിന്നും പ്രതിഫലിച്ചിരിക്കുന്ന ഇത്തരം റഡാർ സിഗ്നലുകൾ ജലത്തിന്‍റെ സാന്നിധ്യം ആണോ അല്ലയോ എന്നതിൽ ഇതുവരെ ശാസ്‌ത്ര ലോകത്തിന് ഒരു ഉറപ്പിലെത്താൻ കഴിഞ്ഞിട്ടില്ല.
ഒന്നുകിൽ ചൊവ്വയുടെ ദക്ഷിണധ്രുവത്തിന് താഴെ ദ്രാവക ജലം സാധാരണമാണ്, അല്ലെങ്കിൽ ഈ സിഗ്നലുകൾ മറ്റെന്തോ ഒന്നിനെ സൂചിപ്പിക്കുന്നുവെന്ന് മാത്രമേ നിലവിൽ പറയാൻ സാധിക്കൂ എന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ജെഫ്രി പ്ലോട്ട് പറയുന്നത്.
ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിന് ചുറ്റും ഭ്രമണപഥത്തിൽ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ബഹിരാകാശ പേടകമാണ് മാർസ് എക്‌സ്പ്രസ്. ഒന്നാം സ്ഥാനത്തുള്ളത് നാസയുടെ ഇപ്പോഴും സജീവമായ 2001 മാർസ് ഒഡീസിയാണ്.