ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങളുടെ ലോഞ്ചിനോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് സെക്കൻഡിൽ 600 മെഗാബിറ്റ് വേഗത ലഭിക്കുമെന്ന് ടെലികോം കമ്പനികള്‍. ആപ്പുകള്‍ ആക്‌സസ് ചെയ്യാനും ഡാറ്റ പ്രോസസിങ്ങിനും പ്രൊഫഷണൽ കമ്പ്യൂട്ടറുകൾക്ക് തുല്യമായി ഹാൻഡ്‌സെറ്റുകളിലും സാധിക്കുമെന്ന് കമ്പനികള്‍ അറിയിച്ചു. അഹമ്മദാബാദ്, ബെംഗളൂരു, ഛണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക.
തെരഞ്ഞെടുത്ത 5ജി ഹാന്‍ഡ്‌സെറ്റുള്ള ഉപയോക്താക്കള്‍ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നീ നാല് നഗരങ്ങളിലാണ് റിലയന്‍സ് ജിയോയുടെ 5ജി സേവനം ലഭ്യമാകുക. ഡല്‍ഹി, മുംബൈ, വാരണാസി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, നാഗ്‌പൂര്‍, സിലിഗുരി എന്നീ എട്ട് നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി സേവനം നല്‍കുന്നുണ്ട്. 5ജി സേവനം ലഭ്യമാകാന്‍ രണ്ട് ടെലിടോം കമ്പനികളിലെയും ഉപയോക്താക്കള്‍ക്ക് നിലവിലുള്ള സിം മാറേണ്ട കാര്യമില്ല.
നഗരങ്ങളിലെ നെറ്റ്‌വര്‍ക്ക് കവറേജ് ഗണ്യമായി പൂര്‍ത്തിയാകുന്നത് വരെ 'ബീറ്റ ട്രയല്‍' സേവനം ആസ്വദിക്കാനാകുമെന്ന് ജിയോ അറിയിച്ചു. പരിധിയില്ലാത്ത സേവനം സെക്കന്‍ഡില്‍ ഒരു ഗിഗാബിറ്റ് വേഗതയില്‍ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. തുടക്കത്തില്‍ അധികം ഉപയോക്താക്കള്‍ ഇല്ലാത്തതിനാലാണ് 600 മെഗാബിറ്റ് വേഗത ലഭിക്കുന്നത്. കൂടുതല്‍ ആളുകളിലേയ്‌ക്ക് സേവനം എത്തിച്ചേരുമ്പേള്‍ 200 മുതല്‍ 300 വരെയായി വേഗത കുറയുമെന്ന് എറിക്‌സണ്‍ നെറ്റ്‌വര്‍ക്ക് സൊല്യൂഷന്‍റെ മേധാവി പറഞ്ഞു.
ALSO READ: 'വിജയാരംഭം': രാജ്യത്തെ നാല് നഗരങ്ങളിൽ ഇന്ന് മുതൽ ജിയോ 5ജി സേവനം
വെറും ഒരു മിനിറ്റില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാം: സാധാരണയായി ആറ് ജിബി ഫയൽ വലിപ്പമുള്ള രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു ഹൈ ഡെഫനിഷൻ ചിത്രം ഒരു മിനിറ്റ് 25 സെക്കന്‍ഡിനുള്ളില്‍ ഡൗൺലോഡ് ചെയ്യാന്‍ കഴിയും. 4കെ സിനിമ ഏകദേശം മൂന്ന് മിനിറ്റിനുള്ളില്‍ 600 എംബിപിഎസ് വേഗതയിലാണ് ഡൗണ്‍ലോഡ് ചെയ്യാനാകുക. 5ജി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഹാൻഡ്‌സെറ്റുകൾ കൈവശമുള്ളവർക്ക് നെറ്റ്‌വര്‍ക്ക് ക്രമീകരണത്തിനായി 5ജി ഓപ്‌ഷനുകളും ലഭ്യമാകും. 5ജി സേവനം ലഭ്യമായാല്‍ നെറ്റ്‌വര്‍ക്കിന്‍റെ എംബ്ലം കാണാന്‍ സാധിക്കുന്നിടത്ത് 4ജിക്ക് പകരം 5ജി ദൃശ്യമാകും.
രാജ്യം മുഴുവനും സേവനം ലഭ്യമാകുന്നത് വരെ നിലവിലെ 5ജി ഉപയോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് സൗജന്യമായി നല്‍കുവാന്‍ ടെലികോം കമ്പനികള്‍ ശ്രമിക്കുന്നതായി ബിഎസ്എന്‍എലിന്‍റെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായിരുന്ന അനുപം ശ്രീവാസ്‌തവ പറഞ്ഞു. 5ജി സേവനത്തിന്‍റെ നികുതി ഓരോ രാജ്യത്തും വ്യത്യസ്‌തപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ 5ജി ലഭ്യമാകുവാന്‍ പ്രീമിയം എടുക്കേണ്ടതുണ്ടെന്ന് നോക്കിയായുടെ സീനിയർ വൈസ് പ്രസിഡന്‍റ് സഞ്ജയ് മാലിക് അറിയിച്ചു.
5ജി വികസനത്തിന്‍റെ സംഭാവന: രാജ്യത്ത് വന്‍ സാധ്യതകള്‍ക്കാണ് 5ജി സേവനം വഴി തുറക്കുന്നത്. രാജ്യത്തിന്‍റെ വികസനവും 5ജി സേവനവും ഒരുപോലെ നടപ്പിലാവുകയാണ്. പല ഉപകരണങ്ങളിലും പല വിലയില്‍ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാകുന്നുവെന്നത് വികസനത്തിനുള്ള വലിയ നിക്ഷേപമാണെന്ന് ക്വാല്‍ക്കോമിന്‍റെ പ്രസിഡന്‍റും സിഇഒയുമായ ക്രിസ്‌റ്റിയാനോ അമോന്‍ പറഞ്ഞു.
ലാവ ബ്ലെയ്‌സ് 5ജി എന്ന പേരില്‍ 5ജി സ്‌മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതായി ഇന്ത്യ ആസ്ഥാനമായുള്ള മൊബൈല്‍ കമ്പനിയായ ലാവ പ്രഖ്യാപിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ഫോണിന് 10,000 രൂപയാണ് വില. മറ്റ് 5ജി ഫോണുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഫോണാണിത്. നിലവിലെ 5ജി ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ധാരാളം ചാര്‍ജ് ആവശ്യമായതിനാല്‍ പുതുതായി പുറത്തിറങ്ങുന്ന ഫോണുകള്‍ക്ക് 5,000 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാര്‍ജിങ് സവിശേഷതകളുമാണുള്ളത്.
2022 ജൂണിലെ എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം മുന്‍പുള്ള നാല് തലമുറ (4ജി) സേവനങ്ങളെ അപേക്ഷിച്ച് ഏറ്റവും വേഗതയേറിയതാണ് 5ജി. 2027 ഓടെ രാജ്യത്ത് 40 ശതമാനം വരിക്കാര്‍ ഉണ്ടാകുമെന്നാണ് നിഗമനം. 2023 ഡിസംബറോടെ ജിയോയും 2024 മാര്‍ച്ചോടെ എയര്‍ടെല്ലും പുതിയ 5ജി സേവനങ്ങള്‍ രാജ്യത്തുടനീളം ലഭ്യമാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.