തയ്യാറാക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും വളരെ പോഷകപ്രദമായ ഒരു പ്രാതല്‍ വിഭവമാണ് പെസറട്ട്. അരിയും ചെറുപയറും പ്രധാന ചേരുവയായ പെസറട്ട് ആന്ധ്രാക്കാരുടെ പ്രധാന വിഭവമാണ്. ചെറുപയര്‍ ഉപയോഗിച്ച് നിർമിക്കുന്ന പെസറട്ട് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുമെന്നും ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
ചേരുവകള്‍: ചെറുപയര്‍ (1 കപ്പ്), മട്ട അരി (2 ടേബിള്‍ സ്‌പൂണ്‍), പച്ചമുളക് (2 എണ്ണം), ഇഞ്ചി (ചെറിയ കഷ്‌ണം), ഉപ്പ് (ആവശ്യത്തിന്), എണ്ണ (1/2 ടീസ്‌പൂണ്‍), ചെറിയ ജീരകം (1/2 ടീസ്‌പൂണ്‍), സവാള (1/2 കപ്പ്)
തയ്യാറാക്കുന്ന വിധം: ചെറുപയറും അരിയും 3-4 മണിക്കൂര്‍ കുതിര്‍ത്തുക. കുതിര്‍ത്ത അരി, പയര്‍, പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച് പൊടിയായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. വഴറ്റിയ സവാള നേരത്തെ തയ്യാറാക്കിയ അരപ്പിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം തവ ചൂടാക്കി എണ്ണ പുരട്ടി ദോശ രൂപത്തില്‍ ചുട്ടെടുക്കുക. സ്വാദിഷ്‌ടവും ഒപ്പം പോഷക സമൃദ്ധവുമായ പെസറട്ട് തയ്യാര്‍.