യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം ചൈനയെ വലിയ രീതിയിലാണ് പ്രകോപിപ്പിച്ചിരിക്കുന്നത്. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം 'വൺ ചൈന പോളിസി'യില്‍ (one china policy) വെള്ളം ചേര്‍ക്കുന്ന നടപടിയാണെന്നാണ് ചൈന പ്രതികരിച്ചത്. യുഎസ് ചൈന ബന്ധത്തിന്‍റെ അടിസ്ഥാനം തന്നെ 'വൺ ചൈന പോളിസി' ആണ് എന്ന് ബീജിങ് ഓര്‍മ്മപ്പെടുത്തുന്നു.
എന്നാല്‍ 'വൺ ചൈന പോളിസി' പിന്തുടരുമ്പോഴും ഒരു ജനാധിപത്യ രാജ്യം എന്ന നിലയില്‍ തങ്ങളുടെ എല്ലാ പിന്തുണയും തായ്‌വാന് ഉണ്ടാവുമെന്നുള്ള സന്ദേശമാണ് സന്ദര്‍ശനത്തിലൂടെ കൊടുത്തതെന്ന് യുഎസ് രാഷ്‌ട്രീയ നേതൃത്വം വ്യക്തമാക്കുന്നു. 'വൺ ചൈന പോളിസി' അനുസരിച്ച് തായ്‌വാനെ ഒരു രാജ്യമായി യുഎസ് അംഗീകരിക്കുന്നില്ല. എന്നാല്‍ തായ്‌വാന്‍ റിലേഷന്‍സ് ആക്റ്റിലൂടെ യുഎസ് തായ്‌വാനുമായി ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
'വൺ ചൈന പോളിസി'യുടെ ഭാഗമായി യുഎസിന് കോണ്‍സുലേറ്റോ എംബസിയോ തായ്‌വാനില്‍ ഇല്ല. വത്തിക്കാന്‍ ഉള്‍പ്പെടെ 14 ചെറിയ രാജ്യങ്ങള്‍ മാത്രമെ തായ്‌വാനുമായി നയതന്ത്രബന്ധം വെച്ച് പുലര്‍ത്തുന്നുള്ളൂ. ഇന്ത്യ ഉള്‍പ്പെടെ മറ്റ് ബഹു ഭൂരിപക്ഷം രാജ്യങ്ങളും തായ്‌വാനുമായി നയതന്ത്രം ബന്ധം കാത്ത് സൂക്ഷിക്കുന്നില്ല.
സ്വന്തമായി സൈന്യവും, കറന്‍സിയും, ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഉണ്ടെങ്കിലും ഐക്യ രാഷ്ട്ര സഭയും ഭൂരിപക്ഷം രാജ്യങ്ങളും ഒരു രാഷ്‌ട്രമായി തായ്‌വാനെ അംഗീകരിക്കുന്നില്ല. ചരിത്രപരമായ കാരണങ്ങളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്.
തായ്‌വാന്‍റെ രാഷ്‌ട്രീയ ചരിത്രം: ആഭ്യന്തര യുദ്ധത്തില്‍ ചിയാങ് കൈഷക്കിന്‍റെ കുമിന്താങ്(ദേശീയ പാര്‍ട്ടി) മാവോസേതുങ്ങിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് 1949ല്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് ചിയാങ് കൈഷക്കും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സൈന്യവും തായ്‌വാനിലേക്ക് പിന്‍വാങ്ങി അവിടെ ഭരണം നടത്തുന്നു. റിപ്പബ്ലിക് ഓഫ് ചൈന(ആര്‍ഒസി) എന്നാണ് തായ്‌വാനെ അവര്‍ വിളിച്ചത്.
ഈ റിപ്പബ്ലിക്ക് ഓഫ് ചൈനയില്‍ കേവലം തായ്‌വാന്‍ മാത്രമല്ല ഉള്‍പ്പെട്ടത്. ചിങ് രാജവംശത്തിന്‍റെ പ്രതാപകാലത്ത് ഉണ്ടായിരുന്ന ചൈനയുടെ എല്ലാ ഭാഗവും ഇതില്‍ ഉള്‍പ്പെടുമെന്ന് ആര്‍ഒസിയുടെ ഭരണഘടനയില്‍ പ്രസ്താവിക്കുന്നു. ഇത് പ്രകാരം ഇന്ത്യയുടെ ഭാഗമായ അക്‌സായിചിന്നും, അരുണാചലും ആര്‍ഒസിയുടെ ഭാഗമാണ്.
ദക്ഷിണചൈന കടലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാര പരിധിയിലുള്ള എല്ലാ ഭാഗവും ആര്‍ഒസിയുടെ ഭാഗമാണെന്ന് അവരുടെ ഭരണഘടനയില്‍ പ്രസ്താവിക്കുന്നുണ്ട്. ചുരിക്കിപറഞ്ഞാല്‍ തായ്‌വാന്‍ ഭരണകൂടവും ഒരു ചൈന നയമാണ് പിന്തുടരുന്നത്. എന്നാല്‍ യഥാര്‍ഥ ചൈന തങ്ങളാണ് എന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന(പിആര്‍സി) എന്നാണ് തങ്ങളുടെ ഭരണകൂടത്തെ വിളിക്കുന്നത്. തായ്‌വാന്‍ ഇതിന്‍റെ ഭാഗമാണ്. പിആര്‍സിയുടെ ഭരണഘടനയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: തായ്‌വാന്‍ ചൈനയുടെ ഭാഗമാണ്. തായ്‌വാനെ ചൈനയോട് പുനഃരേകീകരിക്കേണ്ടത് തായ്‌വാനില്‍ ജീവിക്കുന്നവരുടേത് ഉള്‍പ്പെടെയുള്ള ഒരോ ചൈനീസ് പൗരന്‍റേയും കടമയാണെന്നാണ്. അതായത് യഥാര്‍ഥ ചൈന തങ്ങളാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടവും അവകാശപ്പെടുന്നു.
സണ്‍യാത് സെന്നിന്‍റെ നേതൃത്വത്തില്‍ കുമിന്താങ് പാര്‍ട്ടി ( ചൈനീസ് ദേശീയ പാര്‍ട്ടി) 1911ലാണ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കുന്നത്. സണ്‍യാത് സെന്‍ 1925ല്‍ മരണപ്പെടുന്നു. പിന്നീട് കുമിന്താങ്ങിനെ കൂടുതല്‍ കാലം നയിച്ചത് ചിയാങ് കൈഷക്കായിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റുകളോട് പരാജയപ്പെടുന്നത് വരെ റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിലുള്ള ഭരണകൂടത്തിന്‍റെ തലപ്പത്തും ചിയാങ് കൈഷക്കായിരുന്നു.
രണ്ടാ ലോക മഹായുദ്ധത്തില്‍ യുഎസിന്‍റെ പ്രധാനപ്പെട്ട ഏഷ്യയിലെ കൈയാളായിരുന്നു ചിയാങ്‌കൈഷക്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പരാജപ്പെട്ടതോടെ 1945ല്‍ തായ്‌വാന്‍ ജപ്പാന് നഷ്‌ടപ്പെടുന്നു. 1895ലാണ് ചൈനയില്‍ നിന്ന് ജപ്പാന്‍ തായ്‌വാന്‍ പിടിച്ചെടുക്കുന്നത്. അമേരിക്ക തായ്‌വാന്‍ ചിയാങ് കൈഷക്കിന് കൈമാറുന്നു. അതുകൊണ്ട് നാല് വര്‍ഷം ആര്‍ഒസിയുടെ ഒരു പ്രവിശ്യ എന്ന നിലയിലായിരുന്നു തായ്‌വാന്‍ നിലനിന്നത്.
ചിയാങ്‌കൈഷക്കിന്‍റെ നേതൃത്വത്തിലുള്ള ആര്‍ഒസിയായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ യഥാര്‍ഥ ചൈനീസ് സര്‍ക്കാര്‍ ആയി ആദ്യഘട്ടത്തില്‍ അംഗീകരിച്ചത്. 1971വരെ യുഎന്‍ രക്ഷാ കൗണ്‍സിലില്‍ ആര്‍ഒസിയായിരുന്നു അംഗമായിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കാനായി 1970കളുടെ ആദ്യം പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്‌സണ്‍ ശ്രമിക്കുന്നു. ഇതിന് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ സഹായിച്ചത് അദ്ദേഹത്തിന്‍റ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ആയിരുന്ന ഹെന്‍റി കിസിഞ്ചര്‍ ആയിരുന്നു.
ഈ ചര്‍ച്ചയെ തുടര്‍ന്നാണ് തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാദം അമേരിക്ക അംഗീകരിക്കുന്നത്. 1979ല്‍ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി തായ്‌വാനുമായുള്ള നയതന്ത്രബന്ധം യുഎസ് അവസാനിപ്പിക്കുന്നു. തായ്‌വാനുമായി സാംസ്‌കാരിക, സാമ്പത്തിക ബന്ധം മാത്രമെ യുഎസിന് ഉണ്ടാകുകയുള്ളൂ എന്നാണ് 1979ലെ യുഎസ് -ചൈന സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കിയത്.
യുഎസിന്‍റെ തന്ത്രപരമായ അവ്യക്തത: തായ്‌വാനെ കൈവിടാന്‍ യുഎസ് തയ്യാറായിരുന്നില്ല. അമേരിക്കന്‍ കമ്പനികള്‍ക്ക് തായ്‌വാനില്‍ വ്യാപാര താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്‍റെ സമ്മര്‍ദ്ദ ഫലമായി തായ്‌വാന്‍ റിലേഷന്‍സ് ആക്‌റ്റ് 1979ല്‍ തന്നെ യുഎസ് കോണ്‍ഗ്രസ് പാസാക്കുന്നു. തായ്‌വാനെ ബലപ്രയോഗത്തിലൂടെ ചൈനയോട് കൂട്ടിയോജിപ്പിക്കുന്നത് അമേരിക്കന്‍ സുരക്ഷയുടെ വെല്ലുവിളിയായി കാണുമെന്ന് ഈ ആക്റ്റില്‍ പ്രഖ്യാപിക്കുന്നു. തായ്‌വാന് സ്വയം പ്രതിരോധിക്കാന്‍ വേണ്ടി ആയുധങ്ങള്‍ നല്‍കാനും ഈ ആക്റ്റ് വ്യവസ്ഥ ചെയ്യുന്നു.
തായ്‌വാനെ ചൈന ആക്രമിക്കുകയാണെങ്കില്‍ അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്ന് യുഎസ് പരസ്യമാക്കിയിട്ടില്ല . യുഎസിന്‍റെ തായ്‌വാന്‍ സംബന്ധിച്ച ഈ നയത്തെ തന്ത്രപരമായ അവ്യക്തത ( strategic ambiguity) എന്നാണ് വിളിക്കപ്പെടുന്നത്.
1992ല്‍ ജോര്‍ജ് എച്.ഡബ്യു. ബുഷിന്‍റെ ഭരണകാലത്ത് 150 എഫ്-16 യുദ്ധ വിമാനങ്ങള്‍ തായ്‌വാന് നല്‍കിയതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് 2017ല്‍ അധികാരത്തില്‍ വരുന്നത് വരെ വലിയ രീതിതിലുള്ള ആയുധങ്ങള്‍ യുഎസ് തായ്‌വാന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം കൂടുതല്‍ ആയുധങ്ങള്‍ തായ്‌വാന് നല്‍കുന്നു. തായ്‌വാന് അനുകൂലമായി കൂടുതല്‍ നിയമങ്ങള്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഇതിന് അനുകൂലമായിരുന്നു.
തായ്‌വാന്‍ ചൈനയുടെ ഭാഗമാകാതിരിക്കുക അമേരിക്കന്‍ താല്‍പ്പര്യങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. തായ്‌വാന്‍ ചൈനയുടെ ഭാഗമായാല്‍ ഒരു പസഫിക്ക് ശക്തിയായി ചൈന മാറും. ഏഷ്യയിലെ യുഎസ് സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കാന്‍ ചൈനയ്‌ക്ക് സാധിക്കും. തായ്‌വാന്‍ കടലിടുക്കിന്‍റെ പൂര്‍ണ നിയന്ത്രണം ചൈനയ്‌ക്ക് വന്ന് ചേരും.
ജപ്പാനിലേക്കും ദക്ഷിണകൊറിയയിലേക്കുമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുമായുള്ള കപ്പല്‍ ഗതാഗതം തടയാനും ഇത് വഴി ചൈനയ്‌ക്ക് സാധിക്കും. ഇത് വഴി ജപ്പാനിലേയും ദക്ഷിണകൊറിയയിലേയും യുഎസ് സൈനിക താവളങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈനയ്‌ക്ക് ആവശ്യപ്പെടാന്‍ സാധിക്കും.
കൂടാതെ ലോകത്തിലെ ഇലക്ട്രോണിക്ക് ചിപ്പുകളില്‍ 66 ശതമാനവും തായ്‌വാനിലെ കമ്പനികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സാങ്കേതിക രംഗത്തും വലിയ നേട്ടമാണ് തായ്‌വാന്‍ തങ്ങളുടെ ഭാഗമാകുന്നതോടെ ചൈനയ്‌ക്ക് ഉണ്ടാവാന്‍ പോകുന്നത്. ഇത് തന്നെയാണ് തായ്‌വാന്‍ ചൈനയുടെ ഭാഗമാകാതിരിക്കാന്‍ യുഎസ് അതികഠിനമായി ശ്രമിക്കുന്നത്. എന്നാല്‍ തായ്‌വാനെ ചൈനയോട് കൂട്ടിചേര്‍ക്കുക എന്നുള്ള ചൈനയുടെ പുനരുജ്ജീവനത്തിന്‍റെ ഭാഗമായാണ് കണക്കാക്കുന്നത്. ഒരു ചൈന നയത്തില്‍ വിള്ളല്‍ വരുത്തുന്നത് തങ്ങളുടെ പരമാധികാരത്തിനെതിരായ വെല്ലുവിളിയായാണ് ചൈന കണക്കാക്കുന്നത്.