നവകേരള സദസുമായി എൽഡിഎഫ് സർക്കാരിന്‍റെ സംസ്ഥാന പര്യടനം പുരോഗമിക്കവെ സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ് പന്ന്യൻ. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസായ, ചരിത്രമുറങ്ങുന്ന എംഎൻ സ്‌മാരകം പൊളിച്ച് പണിയുന്നതുമായി ബന്ധപ്പെട്ടാണ് രൂപേഷിന്‍റെ വിമർശനം. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സിപിഐ നേതൃത്വത്തിന്‍റെ ശൈലിക്കെതിരെയും അധികാരികൾക്കെതിരെയും രൂപേഷ് രൂക്ഷ വിമർശനം ഉന്നയിച്ചത് (Roopesh Pannian's Facebook Post).
- " class="align-text-top noRightClick twitterSection" data="">
എംഎൻ സ്‌മാരകത്തിന് അതിന്‍റെ ഭംഗി കൈവന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ലെന്നും വിപ്ലവകാരികളുടെ ഓർമ്മകൾ പേറുന്ന ഇടമായതുകൊണ്ടാണെന്നും രൂപേഷ് കുറിച്ചു. 'ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടയ്ക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം എൻ സ്‌മാരകത്തിന് ലാളിത്യത്തിന്‍റെ മുഖം നൽകേണ്ടത്, മറിച്ച് സന്യാസി ആയി കമ്മ്യൂണിസ്റ്റായ വെളിയം ഭാർഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്' - രൂപേഷ് പോസ്റ്റിൽ പറയുന്നു.
രൂപേഷ് പന്ന്യന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം : എംഎൻ സ്‌മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും മുഴച്ചു നിൽക്കാത്ത ഭംഗിയും വന്നുചേർന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ല. വെളിയത്തിന്‍റെയും പികെവിയുടെയും ചന്ദ്രപ്പന്‍റേയുമൊക്കെ ജീവനുള്ള ഓർമ്മകൾ പേറുന്ന ഇടമായതുകൊണ്ടാണ്.
വെളിയവും പികെവിയും ചന്ദ്രപ്പനുമൊക്കെ വരച്ചുകാണിച്ച ലാളിത്യവും നൈർമ്മല്യവും ആഡംബരമില്ലായ്‌മയും വാൻ ഗോഗിന്‍റെയും ഡാവിഞ്ചിയുടേയും ചിത്രങ്ങൾ പോലെ വെറുതെ കണ്ടാസ്വദിച്ച് ആഡംബരത്തിലലിഞ്ഞ് ചേരുമ്പോൾ ചിതലരിക്കുന്നത്
എംഎൻ സ്‌മാരകത്തിന്‍റെ കൽചുമരുകൾക്ക് മാത്രമല്ല. സാധാരണ സഖാക്കളുടെ പ്രതീക്ഷകൾക്ക് കൂടിയാണ്.
ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമങ്ങൾക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റായതെങ്കിൽ കൃഷ്‌ണപിള്ളയ്‌ക്കൊരിക്കലും കുടിലിൽ നിന്നും പാമ്പുകടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു. ശീതീകരിച്ച മുറികളില്ലാത്ത അക്കാലത്തെ നേതാക്കളായി ഇന്നിന്‍റെ നേതാക്കൾ മാറണമെന്ന് ചിന്തിക്കുന്നവരല്ല സാധാരണ ജനങ്ങൾ.
പക്ഷേ കൃഷ്‌ണപിള്ളയെയും മറ്റും കണ്ട് കമ്മ്യൂണിസ്റ്റായ വെളിയവും പികെവിയും ചന്ദ്രപ്പനുമൊക്കെ യാത്ര പറഞ്ഞിട്ട് അധികമായില്ലെന്ന ഓർമ്മകൾ ഇല്ലാതാകുന്നിടത്താണ്
പ്രമാണിമാരും പൗര പ്രമുഖരും പിറവി എടുക്കുന്നത്. അരപ്പട്ടിണിക്കാരായ സാധാരണക്കാരുടെ കൂടി നികുതി പണത്തിനാൽ ശീതീകരിച്ച മുറികളിൽ വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെയും പൗരപ്രമുഖരെയും കണ്ട് കോൾമയിർ കൊള്ളുന്ന ഒരു പുതിയ ലോകത്തിനായല്ല പാറപ്പുറത്തെ മണൽ തരികൾക്ക് മുകളിൽ ചുവപ്പിന്‍റെ ആദ്യ തിരശ്ശീല ഉയർന്നത്.
പ്രളയകാലത്തും ദുരന്ത കാലത്തും പട്ടിണി മറന്ന് ആടിനെ വിറ്റ കാശ് നാടിന് കൊടുത്ത സുബൈദ മുതൽ നൗഷാദ് വരെയുള്ളവർ മനുഷ്യരെ പ്രണയിച്ചപ്പോൾ സ്വന്തം സമ്പാദ്യങ്ങൾ കൈവിടാത്തവർ പ്രമാണിമാരും പൗര പ്രമുഖരുമായി നികുതി പണത്തിന്‍റെ പൊലിമയിൽ മറ്റൊരു ലോകം പണിയുമ്പോൾ ചിതലരിക്കാൻ പോലും പ്രതീക്ഷകളില്ലാത്ത നിഴലുകളായി മാറുകയാണ് സാധാരണക്കാർ.
'അധികാരം' എന്ന നാലക്ഷരത്തിന് 'ആഡംബരം' എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ
ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എംഎൻ സ്‌മാരകം നോക്കി, പോയ കാലത്തെ ഓർമ്മകൾ തുന്നി കെട്ടുകയാണ് സാധാരണക്കാർ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടയ്ക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം എൻ സ്‌മാരകത്തിന് ലാളിത്യത്തിന്‍റെ മുഖം നല്‍കേണ്ടത്. സന്യാസി ആയി കമ്മ്യൂണിസ്റ്റായ വെളിയം ഭാർഗ്ഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്.
വീട്ടിലൊരു എം.പി ഉണ്ടായിരുന്നത് കൊണ്ട് എം.പി ആയാൽ ആഗ്രഹിക്കാതെ വന്നുചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് നന്നായറിയാം. പക്ഷേ സാധാരണക്കാരന്‍റെ വിയർപ്പിൽ നെയ്‌ത ഉടുപ്പാണ് എം പി സ്ഥാനവും എം എൽ എ സ്ഥാനവും എന്നത് മറക്കുമ്പോൾ, പ്രമാണിമാരും പ്രമുഖരുമല്ലാത്തവർ മുഖമില്ലാത്ത വെറും മനുഷ്യർ മാത്രമായി തീരും.
മുഖമില്ലാത്ത ആ മനുഷ്യർക്ക് മുന്നിൽ മുഖം തിരിക്കാത്ത ഒരു എംഎൻ സ്‌മാരകം. കോടികളുടെ ആഘോഷമല്ല കുടിലുകളിലെ ആനന്ദമാണ് വലുത് എന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം എൻ സ്‌മാരകം അതാണ് സാധാരണക്കാരന്‍റെ പതിരില്ലാത്ത സ്വപ്‌നം. (തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം, പക്ഷേ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം).