ഐക്യരാഷ്‌ട്ര സഭയുടെ മാനവശേഷി വികസന നിലവാര സൂചികയായ യു.എന്‍.ഡി.പി പ്രകാരം ഇന്ത്യയുടെ സ്ഥാനം നിലവിൽ 131-ാം റാങ്ക് ആണ്. 189 രാജ്യങ്ങള്‍ അടങ്ങിയ ഈ സൂചികയിലെ 129-ആം റാങ്ക് നേടി കൊണ്ട് ഭൂട്ടാന്‍ എന്ന ചെറിയ രാജ്യം പോലും നമുക്ക് മുന്നിലാണ് നില കൊള്ളുന്നത്. വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് നൈപുണ്യ തൊഴിലാളികളായി യുനെസ്‌കോ കണക്കാക്കുന്നത്. ജപ്പാന്‍, ബലാറസ്, യു.എസ്.എ, ലിത്വാനിയ, റഷ്യ എന്നീ രാജ്യങ്ങള്‍ അതീവ മികവുറ്റ നിലവാരമാണ് ഇക്കാര്യത്തിൽ പുലര്‍ത്തുന്നത്.
ഈ രാജ്യങ്ങളിലെ 95 ശതമാനം ജനങ്ങളും നൈപുണ്യമുള്ള തൊഴിലാളികളാണ്. 27 ലക്ഷം ജനസംഖ്യയുള്ള ലിത്വാനിയ എന്ന രാജ്യത്തില്‍ നിന്നും തുടങ്ങി 33 കോടി ജനസംഖ്യയുള്ള യു.എസ്.എ എന്ന രാജ്യത്തില്‍ എത്തുമ്പോള്‍ എല്ലാ വികസിത രാജ്യങ്ങളും മാനവശേഷി വികസനമെന്നാല്‍ നൈപുണ്യ വികസനമാണ് എന്ന് കണക്കാക്കി കൊണ്ട് ബഹുദൂരം മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.
അഞ്ച് പേരില്‍ ഒരാള്‍ മാത്രമാണ് ഇവിടെ നൈപുണ്യമുള്ള തൊഴിലാളിഎന്ന വസ്‌തുത ഇന്ത്യയുടെ ദൗര്‍ഭാഗ്യത്തിന്റെ മൂലകാരണമാണ്. തൊഴില്‍ നല്‍കുവാനുള്ള യോഗ്യതയുടെ കാര്യത്തില്‍ നമ്മുടെ യുവാക്കള്‍ വളരെ അധികം പിറകിലാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ നമ്മുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ശതമാനം വളരെ പരിമിതമാണെന്നും പഠനങ്ങള്‍ പറയുന്നു. ജനസംഖ്യയുടെയും അതുപോലെ ഭൂമി ശാസ്‌ത്ര മേഖലയുടെയും വലിപ്പം വെച്ചു നോക്കുമ്പോള്‍ ഇന്ത്യയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത നിരവധി രാജ്യങ്ങള്‍ യോഗ്യരായ ആളുകളുടെ എണ്ണത്തിൻ്റെ കാര്യത്തില്‍ നമ്മുടെ രാജ്യത്തേക്കാള്‍ എത്രയോ മുന്നിലാണ്. അതിനാല്‍ നമ്മുടെ നയങ്ങളിലും ആസൂത്രണങ്ങളിലും അടിയന്തിരമായി തന്നെ തിരുത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നു.
നമ്മുടെ കുട്ടികളില്‍ 97 ശതമാനവും പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും അവരില്‍ 70 ശതമാനം മാത്രമാണ് മികച്ച സ്‌കൂള്‍ പഠനത്തിലേക്ക് എത്തിച്ചേരുന്നത്. വെറും 26 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുന്നത്. ഇത് വളരെ വ്യക്തമായി വെളിവാക്കുന്ന ഒരു വസ്‌തുത എന്തെന്നാൽ നമ്മുടെ യുവ തലമുറക്ക് നൈപുണ്യ വികസനവും, വേണ്ടത്ര വിദ്യാഭ്യാസവും, ഉപജീവന മാര്‍ഗവുംളും നിഷേധിക്കപ്പെടുന്നു എന്നത് തന്നെയാണ്.
ചൈനയെ സംബന്ധിക്കുന്ന വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമല്ല എന്ന് യു.എന്‍.ഡി.പി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ചൈനയില്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന യുവാക്കളില്‍ ഏതാണ്ട് പകുതിയോളം പേരും പ്രൊഫഷണലുകള്‍ എന്ന നിലയില്‍ ഉന്നത ജീവിത വിജയം നേടുന്നുണ്ട് എന്ന് ഈ അടുത്ത കാലത്ത് ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ജനസംഖ്യയുടെ കാര്യത്തില്‍ ചൈനക്ക് തൊട്ടടുത്ത് രണ്ടാം സ്ഥാനത്താണ് നമ്മള്‍ നിലകൊള്ളുന്നത്. 137 കോടി ജനങ്ങളാണ് ഇന്ത്യയില്‍ ഇന്നുള്ളതായി കണക്കാക്കപ്പെടുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ഏതാണ്ട് 62 ശതമാനം പേരും 15-നും 59-നും ഇടയിൽ പ്രായമുള്ളവരാണ്.
നിലവില്‍ നമ്മുടെ രാജ്യത്തെ പൗരന്മാരില്‍ 50 ശതമാനത്തിലധികം പേരും 25 വയസിന് താഴെ പ്രായമുള്ളവരാണ്. ഈ യുവത്വത്തിന്റെ ഊര്‍ജ്ജത്തെ ഏറ്റവും നല്ല രീതിയില്‍ രാജ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് കഴിയാതെ വരുന്നതാണ് പുരോഗതിയുടെ കാര്യത്തില്‍ ഇന്ത്യ ഇങ്ങനെ പിറകിലായി പോകുന്നതിൻ്റെ പ്രധാന കാരണം. അതേ സമയം ബിരുദാനന്തര ബിരുദം ഉള്ളവര്‍ പോലും ഏറ്റവും താഴെ തട്ടിലുള്ള തൊഴിലുകൾ ചെയ്യുന്നത് പരിതാപകരമായ കാഴ്ചയാണ്.
2022-ഓടു കൂടി 40 കോടി ജനങ്ങളെ നൈപുണ്യമുള്ള തൊഴിലാളികളായി വളര്‍ത്തി കൊണ്ടു വരിക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടു കൂടി എന്‍.ഡി.എ യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ “സ്‌കില്‍ ഇന്ത്യ” എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കുവാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്‌നാട് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിമാചല്‍ പ്രദേശ്, യു.പി, സിക്കിം എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ കൂടുതല്‍ പേരും സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഗുണഭോക്താക്കളാണ്.
നമ്മുടെ രാജ്യത്ത് കോടികണക്കിന് ആളുകളാണ് ഇപ്പോള്‍ ദാരിദ്ര്യ രേഖക്ക് താഴെ താഴ്ത്തപ്പെട്ടിരിക്കുന്നത്. സെൻ്റർ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സി.ഐ.എം.ഇ) പറയുന്നത് ഗ്രാമീണ മേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് ഒൻപത് ശതമാനമായും നഗര മേഖലകളില്‍ 15 ശതമാനമായും വർധിച്ചിരിക്കുന്നു എന്നതാണ്. 2025-ആകുമ്പോഴേക്കും തൊഴിലിന്റെ സ്വഭാവരീതി നമുക്ക് തിരിച്ചറിയാന്‍ പറ്റാത്തതിനപ്പുറത്തേക്ക് മാറുമെന്നും കോടികണക്കിന് തൊഴിലുകള്‍ക്ക് പുതിയ നിര നൈപുണ്യങ്ങള്‍ ആവശ്യമായി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2030-ഓടു കൂടി ആഗോള തലത്തില്‍ ഉണ്ടാകാന്‍ പോകുന്ന 80 കോടി തൊഴിലില്ലാത്ത വ്യക്തികളില്‍ ബഹുഭൂരിപക്ഷം ഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.