Biggest earthquake in human history: മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനത്തെ കുറിച്ച് പുതിയ അവകാശവാദവുമായി ശാസ്‌ത്രലോകം. 3,800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചതെന്ന് ശാസ്‌ത്രജ്‌ഞര്‍. തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലാണ് അതിശക്തമായ ഈ ഭൂചലനം ഉണ്ടായതെന്നാണ് പുതിയ പഠനം. ഈ ഭൂചലനത്തെ തുടര്‍ന്ന് 5000 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യത്തില്‍ സുനാമി ഉണ്ടായെന്നും അക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് 1000 വര്‍ഷത്തേയ്‌ക്ക് ചുറ്റുമുള്ള കടല്‍ത്തീരം ഉപേക്ഷിക്കേണ്ടിവന്നുവെന്നും സയന്‍സ് അഡ്വാന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ കുറിപ്പില്‍ പറയുന്നു.
3,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ചിലിയില്‍ ഉണ്ടായ ഈ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 9.5 തീവ്രത അടയാളപ്പെടുത്തിയതായി സയന്‍സ് അഡ്വാന്‍സ് ജേണലിലെ പഠനം പറയുന്നു. ഈ ഭൂചലനത്തിന്‍റെ ഭാഗമായി ഒരു വമ്പന്‍ സുനാമി ഉടലെടുത്തു എന്നാണ് ശാസ്‌ത്ര ലോകത്തിന്‍റെ കണ്ടെത്തല്‍. ഇത് 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂര മേഖലയായ ന്യൂസിലന്‍ഡിന്‍റെ തീരത്ത് വരെ എത്തുകയും ചെയ്‌തു. ഈ ഭൂചലനങ്ങൾ പലപ്പോഴും ഭൂചലനങ്ങളെക്കാള്‍ കൂടുതൽ വിനാശകരമായ സുനാമികൾക്ക് കാരണമാകുന്നു.
ഈ ഭൂചലനം അതിശക്തമായ സുനാമിയിലേയ്‌ക്ക് നയിച്ചു. 66 അടി വരെ ഉയരത്തില്‍ തിരമാലകള്‍ സൃഷ്‌ടിച്ചു. ഇത് വടക്കന്‍ ചിലി മുതല്‍ ന്യൂസിലന്‍ഡ് വരെ എത്തിച്ചതായി പഠനം പറയുന്നു. സതാംപ്‌ടൺ സർവകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സുനാമി, സമീപത്തെ തീരപ്രദേശങ്ങളെ 1000 വർഷത്തേക്ക് വാസയോഗ്യമല്ലാതാക്കി. പുരാവസ്‌തു ഗവേഷകർ സമുദ്രത്തില്‍ നിന്നും അവശിഷ്‌ടങ്ങളുടെ തെളിവുകൾ കണ്ടെത്തി.
ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭൂകമ്പം 1960ലെ വാല്‍ഡിവിയ ഭൂചലനമായിരുന്നു. 9.4 മുതല്‍ 9.6 വരെ തീവ്രതയില്‍ അനുഭവപ്പെട്ട ഈ ഭൂചലനം തെക്കന്‍ ചിലിയെ വിറപ്പിച്ചു. 6000 പേരാണ് ഈ ഭൂചലനത്തില്‍ മരിച്ചത്. ഇതേതുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ അടിക്കടി സുനാമി ഉണ്ടായി.
വാല്‍ഡിവിയ ഭൂചലനത്തിന് കാരണമായ ടെക്‌റ്റോണിക് പ്ലേറ്റിന് 800 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. എന്നാല്‍ പുതുതായ കണ്ടെത്തിയ ഈ ഭയാനകമായ ഭൂചലനം ഇതിനേക്കാള്‍ വലുതാണെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. ഈ ഭൂചലനത്തില്‍ തകര്‍ന്ന ടെക്‌റ്റോണിക് പ്ലേറ്റിന്‍റെ നീളം ഏകദേശം 1000 കിലോമീറ്ററാണെന്നാണ് ശാസ്‌ത്രജ്ഞരുടെ നിഗമനം. ഭൂമിയുടെ ടെക്‌റ്റോണിക് പ്ലേറ്റ് മറ്റൊന്നില്‍ മുകളിലേക്കും താഴേക്കും നീങ്ങുമ്പോഴാണ് ഇത്തരം ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.
ഈ ഭീമാകാരമായ ഭൂചലനത്തിന്‍റെ തെളിവുകള്‍ സമുദ്ര, തീരദേശ വസ്‌തുക്കളായ പാറ നിക്ഷേപങ്ങള്‍, കല്ലുകള്‍, മണല്‍, കടല്‍, പാറകള്‍, സമുദ്ര ജീവികള്‍ എന്നിവയില്‍ ദൃശ്യമാണെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു. ചിലിയിലെ അറ്റകാമ മരുഭൂമിയില്‍ നിന്നാണ് ഗവേഷകര്‍ ഈ തെളിവുകള്‍ കണ്ടെത്തിയത്. ഇവയെല്ലാം എങ്ങനെയാണ് സമുദ്രത്തില്‍ നിന്ന് ഇത്രയും ദൂരം വന്നതെന്നറിയാന്‍ ഗവേഷകര്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ചുവെന്നും ഗവേഷണ പഠനത്തില്‍ വ്യക്തമാക്കുന്നു.
Also Read: ഒരേസമയം സൂര്യാസ്‌തമയവും ചന്ദ്രോദയവും ; അപൂർവ പ്രതിഭാസം കന്യാകുമാരിയിൽ