കൊല്ലം: വിസ നല്‍കാമെന്ന് പറഞ്ഞു നിരവധി ആളുകളെ കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിച്ച കേസിലെ പ്രതിയെ തട്ടിപ്പിനിരയായവര്‍ പിടികൂടി പൊലീസിന് കൈമാറി. കൊല്ലം കുളത്തുപ്പുഴ ഡിപ്പോ സ്വദേശി തമ്പി എന്ന സജിന്‍ ഷറഫുദീനെയാണ് ഇന്ന് മണിക്കൂറുകള്‍ നീണ്ട നടകീയതക്കൊടുവില്‍ പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ പതിനഞ്ചോളം പേരില്‍ നിന്നാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയില്‍ ഒമാനിലെ കമ്പനിയില്‍ ജോലി ഒഴിവുണ്ടെന്നും ഇതിനായി നാല് ലക്ഷം രൂപ വേണമെന്നും സജിന്‍ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതിന്‍ പ്രകാരം ആദ്യം രണ്ടര ലക്ഷം രൂപ തമ്പിക്ക് ഓരോരുത്തരും കൈമാറി. പിന്നീട് ടിക്കറ്റും വിസയും നല്‍കി ഒന്നര ലക്ഷം രൂപ കൂടി വാങ്ങി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിസയില്‍ ചില പോരായ്മകള്‍ ഉണ്ടെന്നും മറ്റൊരു വിസ നല്‍കാം എന്ന് പറഞ്ഞ് വിസിറ്റിംഗ് വിസ നല്‍കുകയും ചെയ്‌തു. ഇതിന്‍ പ്രകാരം ഒമാനില്‍ എത്തിയപ്പോഴാണ് യുവാക്കള്‍ക്ക് തട്ടിപ്പ് മനസിലാകുന്നത്. തുടര്ന്ന് ഒന്നര മാസത്തോളം പട്ടിണി കിടന്നും ചില മലയാളികളുടെ സഹായത്തോടെയും ജീവിതം തള്ളി നീക്കിയ എട്ടോളം പേര്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോഴും അഞ്ചുപേര്‍ അവിടെ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ തമ്പിയുമായി സംസാരിച്ചുവെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞു ഇയാള്‍ മുങ്ങി നടന്നു. പിന്നീട് കഴിഞ്ഞ വ്യാഴാഴ്ച തട്ടിപ്പിനിരയായവര്‍ തമ്പിയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ തമ്പിയുടെ അടുത്ത ബന്ധു തമ്പിയെ ശനിയാഴ്ച തിരുവനന്തപുരത്തെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കാം എന്ന് ഉറപ്പ് നല്‍കി മടക്കി അയച്ചു.
എന്നാല്‍ ശനിയാഴ്ച വൈകുന്നേരം വരെയും തമ്പിയെയോ ബന്ധുവിനെയോ കാണാതായതോടെ മടങ്ങിപോയ തട്ടിപ്പിനിരയായവര്‍ സംഘടിച്ചെത്തി ഞായറാഴ്ച പുലര്‍ച്ചെ തമ്പിയുടെ വീട് വളഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും പുറത്ത് വരാന്‍ തമ്പി തയാറായില്ല. ഇതോടെ വിവരം കുളത്തുപ്പുഴ പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും എത്തിയ പൊലീസുകാരനുമായി സംസാരിക്കുന്നതിനിടയില്‍ ഇയാള്‍ എല്ലാവരെയും കബളിപ്പിച്ച് മതില്‍ ചാടി ഓടി. ഇതുകണ്ട തട്ടിപ്പിനിരയായവര്‍ പിന്തുടര്ന്ന് തമ്പിയെ പിടികൂടി. പിടികൂടിയ സമയത്ത് ഇവരെ ആക്രമിച്ചു രക്ഷപെടാന്‍ നീക്കം നടത്തിയെങ്കിലും നടന്നില്ല. കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തമ്പിക്കെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ മിക്കയിടങ്ങളില്‍ നിന്നും വാറണ്ട് ആയിട്ടുകൂടി ഇയാളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.