ഇടുക്കി: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിൽ വെച്ചാണ് ഇയാള്‍ പിടിയിലായത്. കൊല്ലം ചടയമംഗലം സ്വദേശി ബാബുരാജാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.
ജനുവരി പത്താം തീയതിയാണ് കട്ടപ്പനയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് 55,000 രൂപ ഇയാൾ തട്ടിയത്. സ്ഥാപനത്തിൽ സ്വർണാഭരണങ്ങൾ പരിശോധിക്കുന്ന ആധുനിക സംവിധാനം ഇല്ലാത്തതിനാൽ സമീപത്തെ സ്ഥാപനത്തിലെ സ്വർണപണിക്കാരനെകൊണ്ട് മാല പരിശോധിച്ച ശേഷമാണ് പണം കൈമാറിയത്.
തിങ്കളാഴ്‌ച രാവിലെ വീണ്ടും മുക്കുപണ്ടവുമായി എത്തിയ പ്രതിയെ സ്ഥാപന ഉടമ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ നൽകിയ തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസത്തിനിടയിൽ ഈ സ്വകാര്യ സ്ഥാപനത്തിൽ നിരവധി ആളുകള്‍ ഒരേ രൂപസാദ്യശ്യമുള്ള വ്യാജ സ്വര്‍ണം പണയം വച്ചതായി ഉടമ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപ സ്ഥാപനത്തിന് നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ലോഹപ്പണിക്കാർക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. സമാനമായ രീതിയില്‍ ഇയാള്‍ കാഞ്ഞിരപ്പള്ളിയിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയിട്ടുണ്ട്. ഇതില്‍ കേസും നിലനില്‍ക്കുന്നുണ്ട്. പാല, മൂവാറ്റുപുഴ സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുണ്ട്.