ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാമില്‍ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്‌ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വിദ്യാര്‍ഥിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. തൂക്കുപാലം വടക്കേപുതുപറമ്പില്‍ മുഹമ്മദ് താഹാഖാന്‍ (21), കൂട്ടാര്‍ ബ്ലോക്ക് നമ്പര്‍ 1305ല്‍ ജാഫര്‍ (34) എന്നിവര്‍ അറസ്റ്റിലായത്. വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് അപഹരിക്കപ്പെട്ടത്. നെടുങ്കണ്ടം ബാലഗ്രാം സ്വദേശി പാലമൂട്ടില്‍ റെജിയുടെ വീട്ടില്‍ നിന്നുമാണ് ഈ മാസം ആദ്യം സ്വര്‍ണം മോഷ്‌ടിയ്ക്കപെട്ടത്. വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന 23 പവന്‍ സ്വര്‍ണമാണ് കാണാതായത്. പ്രതിയായ കൗമാരക്കാരന്‍ ഓണ്‍ലൈനിലൂടെ മൊബൈല്‍ വരുത്തി മറിച്ച് വിറ്റിരുന്നു. ഇതിന് തുക കണ്ടെത്തുന്നതിനായാണ് സ്വര്‍ണം അപഹരിച്ചത്.
പ്രതികൾ ജൂലൈ ആദ്യം തൂക്കുപാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സുഹൃത്തുമായി ചേര്‍ന്ന് സ്വര്‍ണം പണയം വെയ്്ക്കുകയായിരുന്നു. പിന്നീട് കൂട്ടാര്‍ സ്വദേശിയായ ജാഫറിന് മുഴുവന്‍ സ്വര്‍ണവും എട്ട് ലക്ഷത്തി എണായിരം രൂപയ്ക്ക് വിറ്റു. ഇയാള്‍ ഇത് കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 820000 രൂപയ്ക്ക് മറിച്ച് വില്‍ക്കുയായിരുന്നു. മൂന്ന് മാല, ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, അഞ്ച് വളകള്‍, അഞ്ച് തകിടുകള്‍ എന്നിവയാണ് മോഷ്‌ടിക്കപെട്ടത്. റെജിയുടെ ഭാര്യയുടെ ചികത്സയ്ക്കായി കോട്ടയം പോയിരുന്ന സമയത്താണ് മോഷണം നടന്നത്. നെടുങ്കണ്ടം ഇന്‍സ്‌പെക്‌ടര്‍ ഓഫ് പൊലീസ് പി.കെ ശ്രീധരന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.