ഇടുക്കി: നെടുങ്കണ്ടം അണക്കരമെട്ട് ചെരുവിള പുത്തന്‍ വീട്ടില്‍ 75 വയസുകാരിയായ ചന്ദ്രികയുടെ മരണമാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ മക്കളായ അനില്‍കുമാര്‍, അജിത എന്നിവരെ നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ചന്ദ്രിക മക്കളോടും കൊച്ചുമക്കളോടുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി 17ന് ചന്ദ്രിക വീട്ടില്‍ മരിച്ചു കിടക്കുന്നതായും ബന്ധുക്കള്‍ സംസ്‌ക്കാരം നടത്താന്‍ ശ്രമിക്കുന്നതുമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. അമിത മദ്യപാനം മൂലമാണ് മരണപ്പെട്ടതെന്നായിരുന്നു മക്കളുടെ മൊഴി. എന്നാല്‍ കൊവിഡ് വ്യാപനം മൂലം 5 മാസം വൈകി ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ പരിക്കാണെന്നായിരുന്നു.
കട്ടപ്പന ഡി.വൈ.എസ്.പി. എന്‍.സി.രാജ്‌മോഹന്‍റെ നിര്‍ദ്ദേശപ്രകാരം നെടുങ്കണ്ടം എസ്.ഐ. ദിലീപ് കുമാർ നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തിലും സമീപത്തുള്ള നൂറോളം പേരെ ചോദ്യം ചെയ്തതിലും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിച്ചതിലും വീണതിലുണ്ടായ പരിക്കല്ല മരണകാരണമെന്ന് തെളിഞ്ഞു. തുടര്‍ന്ന് മകനേയും കൊച്ചുമകനേയും നിരന്തരം നിരീഷിച്ചു വരികയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതറിഞ്ഞ പ്രതി വീട്ടിലുണ്ടായ വഴക്കിനെപ്പറ്റി അകന്ന ബന്ധുവിന് സൂചന നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മദ്യലഹരിയില്‍ ചീത്തവിളിച്ച അമ്മയെ പിടിച്ച് ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം മുറ്റത്തേക്ക് വലിച്ചിട്ടെന്നും അഴുക്കുപറ്റിയ വസ്‌ത്രങ്ങള്‍ 2-ാം പ്രതി കഴുകി വൃത്തിയാക്കിയതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇടുക്കി എസ്.പി.കറുപ്പസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം കോട്ടയത്തുനിന്നുമെത്തിയ സയന്‍റിഫിക് ഓഫീസര്‍ ചന്ദ്രലേഖയുടെയും പൊലീസ് ഫോട്ടാഗ്രാഫറുടെയും സാന്നിധ്യത്തില്‍ പ്രതികളെ സ്ഥലെത്തത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു