കോഴിക്കോട്: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വടകരയിൽ എത്തിച്ച് തമിഴ്നാട് പൊലീസ് തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളായ തൗഫീക്, ഷമീം എന്നിവരെയാണ് വടകരയിലെ വസ്ത്ര വിൽപന കേന്ദ്രത്തിലെത്തിച്ച് തെളിവെടുത്തത്. എ.സി.പി വിശ്വാസ് ശാസ്ത്രി, കന്യാകുമാരി ഡി.സി.പി ഗണേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കൊലപാതകത്തിന് ശേഷം മംഗലാപുരത്തേക്ക് ട്രെയിനില്‍ രക്ഷപെടുന്നതിനിടയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന് പ്രതികള്‍ അറിഞ്ഞത്. തുടർന്ന് ട്രെയിനിൽ നിന്നിറങ്ങുകയും ഇരിങ്ങലിലെ ബാർബർ ഷോപ്പിലെത്തി മുടിയും ,താടിയും വെട്ടിയ ശേഷം ബസ് മാർഗം വടകര പുതിയ സ്റ്റാന്‍റിലെത്തി. ഇവിടെയുള്ള കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ എടോടിയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ പാർക്കിങ് ഏരിയയിൽ ഉപേക്ഷിക്കുകയും ചെയ്‌തു. ശേഷം വടകരയില്‍ നിന്നാണ് പ്രതികള്‍ ട്രെയിനിൽ മംഗലാപുരത്തേക്ക് കടന്നത്. ജനുവരി എട്ടിന് രാത്രി ഒമ്പതരയ്ക്കാണ് കേരള അതിർത്തിയിലെ കളിയിക്കാവിളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.