ന്യൂഡല്‍ഹി: കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ രണ്ടാമത്തെ അറസ്റ്റും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ ഷെയ്ഖ് ഹിദയത്തുല്ല എന്നയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച എന്‍ഐഎ നടത്തിയ റെയ്ഡില്‍ തമിഴ്നാട്ടിലെ ഐഎസ് സൂത്രധാരൻ മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിലായിരുന്നു. ഇയാള്‍ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ചാവേർ ആക്രമണം നടത്തിയ സഹ്റാന്‍ ഹാഷ്മിയുടെ ഫേസ്ബുക്ക് സുഹൃത്താണെന്ന് കണ്ടെത്തിയിരുന്നു. ഐഎസിന്‍റെ കോയമ്പത്തൂർ ഘടകത്തിലേതെന്നു സംശയിക്കുന്ന ആറ് പേർക്കെതിരെയും കേസ് എടുത്തിരുന്നു.
ഐഎസ് പ്രവർത്തനത്തെക്കുറിച്ച് വെളിപ്പെടുത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ പറഞ്ഞു. 38 വയസ്സുള്ള ഇയാള്‍ കോയമ്പത്തൂരിലെ സൗത്ത് ഉക്കടാം സ്വദേശിയാണ്. ഷെയ്ഖ് ഹിദയത്തുല്ലയുടെ വീട്ടില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ നിരോധിത ഭീകരസംഘടനയായ സ്റ്റുഡന്‍റ് ഇസ്ളാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്‍ഐഎ ബുധനാഴ്ച്ച നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി അയക്കും. അറസ്റ്റിലായ ഐഎസ് ഘടകത്തിലെ മൂന്ന് ഭീകരരെ ജൂൺ 28 വരെ മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.