കോഴിക്കോട്: മോഷണകുറ്റം ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ മര്‍ദിച്ചതായി പരാതി. കാല്‍പാദത്തില്‍ മര്‍ദനമേറ്റ യുവാവ് ചികിത്സയിലാണ്. കൂടരഞ്ഞി കൽപ്പൂര് പുത്തൻവീട്ടിൽ ഹാഷിറിനെയാണ് തിരുവമ്പാടി പൊലീസ് മർദിച്ചതായി പരാതി ഉള്ളത്. രണ്ടാഴ്‌ച മുമ്പ് കൽപ്പൂരിലെ ഒരു കല്യാണ വീട്ടിൽ നിന്നും പണം നഷ്ടപെട്ടതുമായുള്ള പരാതിയിലാണ് ഹാഷിറിനെ പൊലീസ് മര്‍ദ്ദിച്ചത്.
സംശയമുള്ള ആളുകളുടെ പട്ടികയില്‍ ഹാഷിറിനെ ഉള്‍പ്പെടുത്തി തിരുവമ്പാടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനില്‍ ഹാജരായ യുവാവിന്‍റെ കാലിൽ പൊലീസുകാർ കയറിനിന്ന് ലാത്തി കൊണ്ട് ഉള്ളംകാലില്‍ അടിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പണം നഷ്ടപ്പെട്ട ഉടന്‍ പരാതി നല്‍കാതെ രണ്ടാഴ്‌ചക്ക് ശേഷമാണ് ഉടമസ്ഥര്‍ പരാതി നൽകിയതെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഹാഷിര്‍. അതേസമയം പരാതിയിൽ പറയുന്ന ആളുകളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെന്നല്ലാതെ ആരെയും മർദിച്ചിട്ടില്ലെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞു.