കീവ്: റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ പ്രതിരോധ, സാമ്പത്തിക പിന്തുണ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തിയെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി. തുര്‍ക്കിയില്‍ വച്ച് നടക്കുന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്‍റിനോട് സഹായം തേടിയ വിവരം യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചത്. 'പ്രതിരോധ പിന്തുണ, റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങള്‍, മാക്രോ-ഫിനാൻഷ്യൽ, മാനുഷിക സഹായം എന്നിവയെക്കുറിച്ച് (ബൈഡനുമായി) സംസാരിച്ചു,' ചർച്ചയ്ക്ക് ശേഷം സെലെൻസ്‌കി ട്വീറ്റ് ചെയ്‌തു.
യുക്രൈനിലെ യുദ്ധഭൂമിയിലെ സാഹചര്യവും നിലവിലെ പ്രതിസന്ധി പരിഹരിയ്ക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഒരു മണിക്കൂർ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ വിഷയങ്ങളായെന്ന് സെലൻസ്‌കിയെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. യുക്രൈന് സൈനിക, സാമ്പത്തിക, മാനുഷിക സഹായം നൽകാനും റഷ്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുന്നതും സംബന്ധിച്ച് ബൈഡനും സെലെൻസ്‌കിയും ചർച്ച നടത്തിയെന്ന് വൈറ്റ് ഹൗസ് ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ, യുക്രൈന്‍ സർക്കാരിന് നേരിട്ടുള്ള ബജറ്റ് സഹായമായി 500 മില്യൺ ഡോളർ നൽകാൻ യുഎസ് ഉദ്ദേശിക്കുന്നതായി ബൈഡന്‍ സെലെൻസ്‌കിയെ അറിയിച്ചു.
കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ച റഷ്യയ്ക്ക് മേലുള്ള അധിക ഉപരോധങ്ങളും മാനുഷിക സഹായങ്ങളും ചര്‍ച്ചയില്‍ അവലോകനം ചെയ്‌തുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം, തുര്‍ക്കിയില്‍ വച്ച് നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വാദം. യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്.
Also read: ദക്ഷിണ വസീരിസ്ഥാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു