മോസ്കോ: യുക്രെയ്‌നിലെ സംഘർഷം സമാധാനപരമായി പരിഹരിക്കാനാണ് മോസ്കോ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയോട് പുലർത്തിയ നിലപാടാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. ' ഈ പ്രയാസകരമായ സംഘർഷത്തിൽ നിന്ന് ചർച്ച ചെയ്‌ത് ഈ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുകയായിരുന്നു. എന്നാൽ സാഹചര്യം വ്യത്യസ്‌തമാണ്,' ഫെഡറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ സംസാരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയെ നിശിതമായി വിമർശിച്ച അദ്ദേഹം ലോകമെമ്പാടുമുള്ള നിരവധി സൈനിക താവളങ്ങൾ അമേരിക്കയ്ക്ക് മാത്രമാണെന്നും കുറ്റപ്പെടുത്തി.
'ലോകത്ത് ഒരു രാജ്യത്തിനും അമേരിക്കയോളം സൈനിക താവളങ്ങൾ ഇല്ല. എത്രയോ രാഷ്‌ട്രങ്ങളിൽ അവരുടെ സൈനികർ തമ്പടിച്ചിരിക്കുന്നു. ഇന്‍റർമീഡിയറ്റ് റേഞ്ച് ന്യൂക്‌ളിയർ ഫോഴ്‌സ് ഉടമ്പടി ഉൾപ്പെടെയുള്ള അടിസ്ഥാന ആയുധ കരാറുകളിൽ നിന്ന് അവർ പിന്മാറുന്നത് ലോകം മുഴുവൻ കണ്ടു. ലോകസമാധാനം നിലനിർത്തുന്ന അടിസ്ഥാന കരാറുകൾ അവർ ഏകപക്ഷീയമായി കീറിമുറിച്ചു. എന്തുകൊണ്ടാണ് അവർ ഇത് ചെയ്തത്? അവർക്ക് അതിന് കഴിയും എന്നതുകൊണ്ടാണ്,' പുടിൻ പറയുന്നു.
'പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നതർക്ക് കുടിലമായ ലക്ഷ്യമാണുള്ളത്. ഒരു പ്രാദേശിക സംഘട്ടനത്തെ ആഗോള ഏറ്റുമുട്ടലാക്കി ചിത്രീകരിക്കുകയാണ് അവർ. സംഘടിതമായ ഇത്തരം ആക്രമണങ്ങളെ ഞങ്ങൾ എതിർക്കും, കാരണം ഇത് നമ്മുടെ നാടിന്‍റെ നിലനിൽപ്പിന്‍റെ പ്രശ്‌നമാണ്. യുദ്ധക്കളത്തിൽ റഷ്യയെ പരാജയപ്പെടുത്തുക അസാധ്യമാണെന്ന് അവർ മനസിലാക്കി. അതുകൊണ്ടാണ് അവർ റഷ്യയെ വിമർശിക്കുന്നത്,' പുടിൻ കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റ പാർലമെന്‍റിന്‍റെ ഇരുസഭകളും ഒന്നിക്കുന്ന ഫെഡറൽ അസംബ്ലിയിൽ, സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളിലും ഉക്രെയ്ൻ സംഘർഷത്തിലും ഊന്നിയാവും പുടിൻ സംസാരിക്കുക എന്നത് സുവ്യക്തമായിരുന്നു. പാശ്ചാത്യ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും തങ്ങളുടെ ദേശീയ സുരക്ഷയ്ക്കും വികസനത്തിനും ഉറപ്പുനൽകാൻ ആവശ്യമായ എല്ലാ സാമ്പത്തിക സ്രോതസുകളും റഷ്യയിലുണ്ടെന്ന് പുടിൻ തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി.
ഉപരോധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യൻ സ്ഥാപനങ്ങൾ തങ്ങളുടെ വിതരണ ശൃംഖല പുനർനിർമിച്ചിട്ടുണ്ടെന്നും പുതിയ പേയ്‌മെന്‍റ് സംവിധാനങ്ങളും സാമ്പത്തിക പശ്ചാത്തലവും നിർമ്മിക്കുന്നതിന് മോസ്കോ മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും പുടിൻ പറഞ്ഞു. ഉക്രെയ്‌നുമായുള്ള സംഘർഷത്തെക്കുറിച്ച് സംസാരിച്ച പുടിൻ, ഈ രാജ്യം കൈവശപ്പെടുത്തിയ കീവിന്‍റെ രാഷ്ട്രീയ - സൈനിക - സാമ്പത്തിക മേഖലകളും ഉക്രേനിയക്കാരും പൂർണമായും റഷ്യൻ അധീനതയിലായെന്നും ആവർത്തിച്ചു. നിലവിലെ ഉക്രേനിയൻ ഭരണകൂടം ദേശീയ താൽപ്പര്യങ്ങളെയല്ല, മറിച്ച് മൂന്നാം രാജ്യങ്ങളുടെ താൽപ്പര്യങ്ങളെയാണ് സേവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.