ഡെസ് മോയിൻസ് (അയോവ): യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധം വംശഹത്യയ്ക്ക് തുല്യമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രൈൻ ജനത എന്ന ആശയം തുടച്ചുനീക്കലാണ് റഷ്യൻ പ്രസിഡനന്‍റ് വ്ളാദ്മിര്‍ പുട്ടിന്‍റെ ലക്ഷ്യം എന്നും ബൈഡൻ പറഞ്ഞു. ഇതാദ്യമായാണ് ബൈഡൻ റഷ്യയുടെ യുക്രൈൻ അധിനിവേശത്തില്‍ ഇത്ര കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത്.
യുദ്ധത്തിന്‍റെ ഫലമായി വർദ്ധിച്ചുവരുന്ന ഊർജ വിലയെക്കുറിച്ച് പറഞ്ഞപ്പോഴും പുടിൻ യുക്രൈനോട് വംശഹത്യയാണ് നടത്തുന്നത് എന്ന് ബൈഡൻ സൂചിപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ വിശദാംശങ്ങളോ, യുക്രൈന് സഹായങ്ങളോ പ്രഖ്യാപിച്ചിരുന്നില്ല. ബൈഡന്‍റെ പ്രസ്‌താവനയെ യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി സ്വാഗതം ചെയ്തു. യുഎസ് സഹായത്തിന് നന്ദിയുണ്ടെന്നും കൂടുതൽ റഷ്യൻ അതിക്രമങ്ങൾ തടയാൻ കൂടുതൽ ആയുധങ്ങൾ ആവശ്യമാണെന്നും സെലെൻസ്‌കി പറഞ്ഞു.
പലപ്പോഴും ഇത്തരം വംശഹത്യകളെ അമേരിക്കൻ നേതാക്കൾ വംശഹത്യ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മടിച്ചിരുന്നു. കാരണം, വംശഹത്യയാണെന്ന് ഔപചാരികമായി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അന്താരാഷ്‌ട്ര കൺവെൻഷൻ പ്രകാരം രാജ്യങ്ങൾ ഇടപെടാൻ ഒപ്പു വയ്ക്കേണ്ടിയിരുന്നു. 1994-ൽ റുവാണ്ടൻ ഹൂട്ടസ് 800,000 വംശീയ ടുട്‌സികളെ കൊന്നൊടുക്കിയത് വംശഹത്യയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് പ്രസിഡന്‍റ് ബിൽ ക്ലിന്‍റനെ തടഞ്ഞതും ഇതേ കാരണത്താലായിരുന്നു.
Also read: റഷ്യയ്‌ക്കെതിരായ നീക്കം; ജോ ബൈഡന്‍ പോളണ്ട് സന്ദര്‍ശിക്കും