വാഷിങ്‌ടണ്‍: ബിജെപി നേതാക്കള്‍ പ്രവാചകന്‍ മുഹമ്മദിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനയെ അപലപിച്ച് യുഎസ്. യുഎസ് വിദേശകാര്യ വകുപ്പ് വക്‌താവ് നെഡ് പ്രൈസ് വാര്‍ത്താസമ്മേളനത്തിലാണ് പ്രസ്‌താവനയെ അപലിപിച്ചത്. നേതാക്കളുടെ പ്രസ്‌താവനകളെ ബിജെപി പരസ്യമായി വിമര്‍ശിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിലെ ഉന്നത നേതൃത്വങ്ങളുമായി മത സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ തങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യാറുണ്ടെന്നും നെഡ് പ്രൈസ് വ്യക്തമാക്കി. മത സ്വാതന്ത്ര്യം, അവസര സമത്വം, ഒരോ വ്യക്തിക്കുമുള്ള അന്തസ് എന്നീവയിലടക്കം ഒരേ മൂല്യങ്ങളിലാണ് ഇന്ത്യയിലേയും അമേരിക്കയിലേയും ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഇന്ത്യ സന്ദര്‍ശനത്തിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ പ്രസ്‌താവന നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടികാട്ടി. ഈ മൂല്യങ്ങള്‍ ഏതൊരു ജനാധിപത്യ രാജ്യത്തിന്‍റെയും അടിസ്ഥാന മൂല്യങ്ങളാണെന്നും ലോകത്തിന്‍റെ എല്ലായിടത്തും ഇവ പുലരാന്‍ തങ്ങള്‍ ശബ്‌ദമുയര്‍ത്തുമെന്നും നെഡ് പ്രൈസ് പറഞ്ഞു.