ന്യൂഡൽഹി : യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി 20-ാം വർഷവും സച്ചിൻ ടെണ്ടുൽക്കർ തുടരും. നിരാലംബരായ കുട്ടികളുടെ ക്ഷേമത്തിനായി യു.എൻ.ഒക്ക് കീഴിൽ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് യുണിസെഫ്. ദീർഘകാലമായി യുണിസെഫിനൊപ്പം പ്രവർത്തിക്കുന്നതിൽ താൻ സംതൃപ്‌തനാണെന്നാണ് സച്ചിൻ പ്രതികരിച്ചത്.
ഈ വർഷങ്ങളിലെല്ലാം യുണിസെഫിന്‍റെ ഭാഗമാകാനായത് വളരെ മികച്ച കാര്യമാണ്. ടീം നിർവഹിച്ച ക്രിയാത്മകമായ പ്രവർത്തനത്തിന്‍റെ അത്ഭുതകരമായ ഓർമകൾ സന്തോഷം നൽകുന്നതാണ്. കുട്ടികളുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്നതിനായുള്ള ശ്രമങ്ങളിൽ വളരെ സംതൃപ്‌തനാണ്. പങ്കാളിത്തത്തിന്‍റെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു - സച്ചിൻ ട്വീറ്റ് ചെയ്‌തു.
യുണിസെഫുമായി വളരെക്കാലമായി സുദൃഢമായ ബന്ധമാണ് സച്ചിനുള്ളത്. 2003-ൽ, ഇന്ത്യയിൽ പോളിയോ പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിലും മുൻകൈയെടുക്കാൻ യുണിസെഫ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് 2008-ൽ, സമൂഹത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങുകയും വർഷങ്ങളായി അത് തുടരുകയും ചെയ്യുന്നു.
2013-ൽ, ശുചിത്വ ബോധവത്കരണത്തിനായി ദക്ഷിണേഷ്യയിലെ യുണിസെഫ് അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു. 2019-ൽ, യുണിസെഫ് നേപ്പാളിന്‍റെ 'ബാറ്റ് ഫോർ ബ്രെയിൻ ഡെവലപ്‌മെന്‍റ് ' കാമ്പെയ്‌നിന്‍റെ ഭാഗമായി നേപ്പാൾ സന്ദർശിച്ചിരുന്നു. യുണിസെഫുമായുള്ള ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിൽ, കാമ്പെയ്‌നുകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സച്ചിന്‍റെ സാന്നിധ്യം നിർണായകമാണ്, പ്രത്യേകിച്ച് നിരാലംബരായ കുട്ടികൾക്ക് മികച്ച ഭാവി പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട പദ്ധതികളിൽ.