കാബൂള്‍: സര്‍വകലാശാലകളില്‍ അഫ്‌ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍. രാജ്യത്തെ ഉന്നതതല വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അഫ്‌ഗാനിസ്ഥാനിലെ വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം റദ്ദാക്കിയിരിക്കുകയാണെന്ന് മന്ത്രാലയം കത്ത് പുറത്തിറക്കിയതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്‌തു.
2021 ഓഗസ്‌റ്റില്‍ താലിബാന്‍ അഫ്‌ഗാന്‍ ഭരണം ഏറ്റെടുത്തതോടെ പൗരന്‍മാര്‍ക്ക്, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് പറയുന്നു. പൊതുസേവനങ്ങളിലെ നേതൃസ്ഥാനത്ത് നിന്ന് ഇസ്‌ലാമിക സംഘടന സ്‌ത്രീകളെ പിരിച്ചുവിട്ടു. മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് സെക്കൻഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
അടുത്ത ബന്ധുക്കളായ പുരുഷന്‍മാരോട് കൂടിയല്ലാതെ സ്‌ത്രീകള്‍ക്ക് തനിയെ യാത്ര ചെയ്യുവാനുള്ള അവകാശത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ടെലവിഷന്‍ അവതാരകര്‍ ഉള്‍പെടെ പൊതുസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ മുഖം മറയ്‌ക്കണം. അഫ്‌ഗാനിസ്ഥാനിലെ അധികാര ഘടനയിൽ എല്ലാ വംശീയ വിഭാഗങ്ങളെയും ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നും വംശീയ വിഭാഗങ്ങളുടെ പ്രതിനിധീകരണം പ്രധാനമാണെന്നും ഐക്യരാഷ്‌ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
സ്‌ത്രീകള്‍ക്ക് ജോലി ചെയ്യാൻ സാധിക്കുക, വേര്‍തിരിവ് കൂടാതെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ തലത്തില്‍ വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങിയ അവകാശങ്ങള്‍ അഫ്‌ഗാനിസ്ഥാനിസ്ഥാനില്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് അന്‍റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.