കൊളംബോ : ശ്രീലങ്കയില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതോടെ പ്രധാനമന്ത്രി പദം ഒഴിയുമെന്ന് റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചിട്ട് 48 മണിക്കൂര്‍ പിന്നിട്ടു. രാജ്യത്തെ പൗരരുടെ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന്‍റെ തുടർച്ചയ്‌ക്കും വേണ്ടിയാണ് തന്‍റെ രാജിയെന്ന് ജൂലൈ ഒന്‍പത് വൈകിട്ട് ഏഴിനുള്ള ട്വീറ്റിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. പിന്നാലെ, രാജി പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയും രംഗത്തെത്തി. എന്നാല്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞിട്ടില്ലെന്നുമാത്രമല്ല, ഗോതബായ ഇപ്പോള്‍ കാണാമറയത്തുമാണ്.
ജൂലൈ 13ന് ഗോതബായ രാജപക്‌സെ പ്രസിഡന്‍റ് സ്ഥാനമൊഴിയുമെന്ന് പാര്‍ലമെന്‍റ് സ്‌പീക്കര്‍ മഹിന്ദ യാപ്പ അബേവര്‍ധനെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനായാണ് പ്രസിഡന്‍റ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ, 'അജ്ഞാതവാസ'ത്തിലായ രാജപക്‌സെ, പാചകവാതക വിതരണം ഉറപ്പുവരുത്താനുള്ള നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, എവിടെ നിന്നാണ് ഈ നിര്‍ദേശമെന്നത് വ്യക്തമല്ല.
പാചകവാതകക്ഷാമം അനുഭവിച്ചിരുന്ന ശ്രീലങ്കയ്ക്ക് 3,700 മെട്രിക് ടണ്‍ ഗ്യാസ് ലഭിച്ചിരുന്നു. പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ 'രംഗപ്രവേശം'. അതേസമയം, ശ്രീലങ്കന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും പദവികളില്‍ നിന്ന് ഒഴിയുന്നതുവരെ ഇരുവരുടെയും വസതികളില്‍ തുടരുമെന്നാണ് പ്രക്ഷോഭകരുടെ പ്രഖ്യാപനം. ആയിരക്കണക്കിന് സർക്കാർ വിരുദ്ധ പ്രതിഷേധക്കാരാണ് ഭരണാധികാരികളുടെ ഔദ്യോഗിക വസതികളിലേക്ക് ശനിയാഴ്‌ച ഇരച്ചുകയറി പ്രതിഷേധമുയര്‍ത്തിയത്.
'രാജി, ഭൂരിപക്ഷം ഉറപ്പാക്കിയിട്ട്' : അതേസമയം, സർവകക്ഷിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ച് പാർലമെന്‍റില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം വിക്രമസിംഗെ രാജിവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ മാധ്യമ വിഭാഗം അറിയിച്ചത്. അതുവരെ, അദ്ദേഹം പ്രധാനമന്ത്രിയായി തുടരും. രാജ്യവ്യാപകമായി ഇന്ധനവിതരണം ഈയാഴ്‌ച പുനരാരംഭിക്കും, വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്‌ടര്‍ ഈയാഴ്‌ച രാജ്യം സന്ദർശിക്കും, രാഷ്‌ട്രത്തെ കരകയറ്റാനുള്ള അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐ.എം.എഫ്) കട സുസ്ഥിരതാറിപ്പോർട്ട് (Debt Sustainability Report) ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പ്രതിപക്ഷത്തെ അറിയിക്കുകയുണ്ടായി.
ഗവൺമെന്‍റ് വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് മെയ് മാസത്തിൽ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ ജ്യേഷ്‌ഠനും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്‌സെ രാജിവയ്‌ക്കേണ്ടി വന്നതിനെ തുടർന്നാണ് വിക്രമസിംഗയെ നിയമിച്ചത്. സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം നേരിടുന്നത്.
രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് സർക്കാർ വിരുദ്ധ പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ തകർത്ത് സെൻട്രൽ കൊളംബോയിലെ ഹൈ സെക്യൂരിറ്റി ഫോർട്ട് ഏരിയയിലെ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുന്ന കാഴ്‌ചയാണ് ലോകം കണ്ടത്. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് ഉദ്യോഗസ്ഥര്‍ ഉൾപ്പടെ 45 പേർക്ക് പരിക്കേറ്റിരുന്നു.
കുളത്തില്‍ നീന്തി, ഭക്ഷണം കഴിച്ച് പ്രതിഷേധം : സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് മെയ് മാസത്തിലാണ് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ ജ്യേഷ്‌ഠനും അന്നത്തെ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ രാജിവച്ചത്. തുടർന്നാണ്, വിക്രമസിംഗ പ്രധാനമന്ത്രിയായത്. ശ്രീലങ്കയെന്ന ദ്വീപ് രാഷ്‌ട്രം, സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഭവനം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കുകയുണ്ടായി.
ALSO READ| പ്രക്ഷോഭകര്‍ക്ക് നേരെ തിരിയില്ലെന്ന് ശ്രീലങ്കന്‍ സൈന്യം
പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയ്യേറിയ പ്രക്ഷോഭകര്‍ നീന്തല്‍ക്കുളത്തില്‍ നീരാടുന്നതിന്‍റെയും ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നിരുന്നു. പിന്നാലെ, കിടപ്പുമുറിയുള്‍പ്പടെ കൈയ്യടക്കി വിശ്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ പ്രചരിച്ചു. പ്രധാനമന്ത്രിയുടെ സ്വകാര്യവസതി തീയിട്ടതിന് മൂന്ന് പേരെയാണ് പൊലീസ് ഞായറാഴ്‌ച അറസ്റ്റുചെയ്‌തത്. പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തുവകകള്‍ക്ക് വന്‍നാശനഷ്‌ടമാണുണ്ടായത്. രാജപക്‌സെയുടെ വസതിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയതായും പ്രക്ഷോഭകര്‍ പറയുന്നു.