കീവ് : യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയതിന് 21കാരനായ റഷ്യൻ സൈനികനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യുക്രൈന്‍ കോടതി. സെർജന്‍റ് വാഡിം ഷിഷിമാരിനെയാണ് യുക്രൈന്‍ കോടതി ശിക്ഷിച്ചത്. ഫെബ്രുവരി 24ന് യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം യുദ്ധക്കുറ്റ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കുറ്റവാളിയാണ് ഇയാള്‍.
യുദ്ധത്തിന്‍റെ ആദ്യനാളുകളിൽ വടക്കുകിഴക്കൻ സുമി മേഖലയിലെ ഒരു ഗ്രാമത്തിൽ വച്ച് 62കാരനായ ഒലക്‌സാണ്ടർ ഷെലിപോവ് എന്നയാളെ വെടിവച്ച് കൊന്നുവെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. യുക്രൈന്‍ പൗരന്‍റെ തലയ്ക്ക് വെടിവച്ചുവെന്ന് ഷിഷിമാരിന്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടർന്നാണ് വെടിവച്ചതെന്നും സൈനികന്‍ കോടതിയെ അറിയിച്ചു.
റഷ്യൻ സൈന്യത്തിന്‍റെ കേന്ദ്രങ്ങൾ ഫോൺ വഴി യുക്രൈൻ സേനയ്ക്ക് പറഞ്ഞുകൊടുക്കാൻ ഒലക്‌സാണ്ടർ ഷെലിപോവിന് കഴിയുമായിരുന്നെന്നും സ്വന്തം സുരക്ഷയെ ഭയന്നാണ് ഷിഷിമാരിൻ വെടിയുതിർത്തതെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മരിച്ചയാളുടെ ഭാര്യയോട് സൈനികന്‍ മാപ്പ് ചോദിച്ചിരുന്നു. റഷ്യന്‍ കരസേനയുടെ ടാങ്ക് ഡിവിഷനിലെ യൂണിറ്റ് കമാന്‍ഡറായിരുന്നു വാഡിം ഷിഷിമാരിന്‍.
യുക്രൈന്‍ പൗരന്മാരെ വധിച്ചതിനും സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തതിനും നിരവധി റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ യുദ്ധക്കുറ്റ വിചാരണ നേരിടുന്നുണ്ട്. റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ 3,838 പൗരന്മാര്‍ കൊല്ലപ്പെടുകയും 4,351 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് ഐക്യരാഷ്‌ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.