ന്യൂഡല്‍ഹി : ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക റോബര്‍ട്ട് വദ്ര(Priyanka Robert Vadra). ഈ കൊലപാതകങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുകള്‍ ഈ നശീകരണങ്ങളെ പിന്തുണയ്ക്കുന്നതില്‍ ലജ്ജ തോന്നുന്നു. ഈ വംശഹത്യയെ(genicide) പിന്തുണയ്ക്കുന്നവര്‍ക്ക് ഇപ്പോഴും യാതൊരു ഞെട്ടലും തോന്നുന്നില്ല.
കൊല്ലപ്പെട്ടവരില്‍ പകുതിയും കുഞ്ഞുങ്ങളാണെന്നത് അപലപനീയമാണ്. ഓരോ പത്ത് മിനിട്ടിലും ഒരു കുഞ്ഞ് എന്ന തോതിലാണ് ഗാസയില്‍ കൊല്ലപ്പെടുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ (who) കണക്കുകളും എക്‌സ് പോസ്റ്റില്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ നവജാത ശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ നിന്ന് നീക്കി മരണത്തിന് എറിഞ്ഞ് കൊടുത്തിരിക്കുന്നു. എന്നിട്ടും ഈ വംശഹത്യയെ പിന്തുണയ്ക്കുന്നവര്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ല.
വെടിനിര്‍ത്തല്‍ ഇല്ല,കൂടുതല്‍ ബോംബുകള്‍, വര്‍ഷിച്ച് കൊണ്ടേ ഇരിക്കുന്നു. കൂടുതല്‍ ആക്രമണങ്ങള്‍,കൂടുതല്‍ സംഘര്‍ഷങ്ങള്‍, കൂടുതല്‍ കൊലകള്‍, കൂടുതല്‍ യാതനകള്‍... പ്രിയങ്ക കുറിച്ചു. ഇത് മതിയാക്കൂ എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഏറ്റവുമൊടുവില്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളും വൃദ്ധരുമടക്കം 240 പേരെ ഗാസയില്‍ ബന്ദികളാക്കിയിട്ടുണ്ടെന്നും ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ 11,000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി.