ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ത്യൻ നാവിക സേനയുടെ നേതൃത്വത്തില്‍ ഓഷൻ റിങ് ഓഫ് യോഗ എന്ന പേരില്‍ ഒൻപത് രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ യോഗ അഭ്യാസം സംഘടിപ്പിച്ചു. 19 ഇന്ത്യന്‍ നാവിക കപ്പലുകളാണ് ഇതില്‍ പങ്കാളികളായത്. 3500 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥര്‍ യോഗ അഭ്യാസത്തില്‍ പങ്കെടുത്തു.
35,000 കിലോമീറ്ററിലധികമാണ് ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർ ഇതിനായി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചത്. യോഗ എന്ന ആശയവും സമുദ്രത്തിന്‍റെ വ്യാപ്‌തിയും തമ്മിലുളള പരസ്‌പര ബന്ധത്തെ അടിസ്ഥാനമാക്കുന്നതാണ് ഓഷന്‍ റിങ് ഓഫ് യോഗ എന്നതിലൂടെ ഇന്ത്യൻ നാവിക സേന ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്.
ഐക്യത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും പ്രതീകമായി ആയുഷ് മന്ത്രാലയത്തിന്‍റെ ഏകോപനത്തോടെയാണ് നാവികാഭ്യാസം ആസൂത്രണം ചെയ്‌തത്. ഈ വര്‍ഷത്തെ യോഗാദിന സന്ദേശമായ വസുധൈവ കുടുംബത്തിന് യോഗ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികാഭ്യാസം നടത്തിയത്. ലോകം മുഴുവന്‍ ഒരു കുടുംബമെന്ന ആശയത്തിന്‍റെ വിപുലീകരണമാണ് യോഗയുടെ ഈ പ്രചാരണം. ബംഗ്ലാദേശ്, ഈജിപ്‌റ്റ്, ഇന്‍ഡൊനേഷ്യ, കെനിയ, മഡഗാസ്‌കര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ നേവി യോഗ അഭ്യാസം നടത്തിയത്.
അതേസമയം അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്കായി യോഗദിന സന്ദേശം നല്‍കി. ഓഷന്‍ റിങ് ഓഫ് യോഗ എന്ന ആശയത്തിലൂടെ ഇത്തവണത്തെ യോഗ ദിന പരിപാടികള്‍ കൂടുതല്‍ സവിശേഷമായിരിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ എന്ന ആശയവും സമുദ്രത്തിന്‍റെ വ്യാപ്‌തിയും തമ്മിലുളള പരസ്‌പര ബന്ധത്തെ അടിസ്ഥാനമാക്കുന്നതാണ് ഓഷന്‍ റിങ് ഓഫ് യോഗ.
നമ്മുടെ ഋഷിമാരും യോഗീവര്യന്‍മാരും യോഗയെ നിശ്ചയിച്ചിരിക്കുന്നത് 'യുജ്യതേ എന്നേന്‍ ഇതി യോഗ' എന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതായത് ലോകം മുഴുവന്‍ ഒരു കുടുംബമെന്ന ആശയത്തിന്‍റെ വിപുലീകരണമാണ് യോഗയുടെ ഈ പ്രചരണമെന്ന് മോദി പറഞ്ഞു. ഇത്തവണത്തെ യോഗ ദിന സന്ദേശം വസുധൈവ കുടുംബത്തിന് യോഗ എന്നാണ്.
ഞങ്ങള്‍ എപ്പോഴും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും പുതിയതിനെ സ്വീകരിക്കുന്നതിനുമുളള പാരമ്പര്യങ്ങളെ വിലമതിക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. ഞങ്ങള്‍ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുകയും അവയെ സംരക്ഷിക്കുകയും ചെയ്‌തു. ഞങ്ങള്‍ വൈവിധ്യങ്ങളെ സമ്പന്നമാക്കി അവയെ ആഘോഷിക്കുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎൻ ജനറൽ അസംബ്ലിയുടെ 2014 ല്‍ നടന്ന 69-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിവസം എന്ന ആശയം മുന്നോട്ട് വച്ചത്. തുടർന്ന് എല്ലാ 193 യുഎൻ അംഗരാജ്യങ്ങളുടെയും ഏകകണ്‌ഠമായ തീരുമാനത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയായിരുന്നു.