ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശം ടൂറിസം രംഗത്തെ ബാധിക്കുമെന്ന ആശങ്കയില്‍ മാലദ്വീപ് (Maldives Tourism). മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന ആദ്യം അധിക്ഷേപ പരാമര്‍ശം നടത്തിയത്. പിന്നാലെ, മന്ത്രിമാരായ മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി രംഗത്തെത്തുകയായിരുന്നു.
ഇതിന് പിന്നാലെ വേഗത്തില്‍ തന്നെ ഇവര്‍ക്കെതിരെ മാലദ്വീപ് ഭരണകൂടം നടപടിയെടുത്തിരുന്നു. ഉത്തരവാദിത്ത സ്ഥാനങ്ങള്‍ കൈകര്യം ചെയ്യുന്നവരുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ പെരുമാറ്റം ടൂറിസം മേഖലയെ ബാധിക്കുമെന്ന് കണ്ടാണ് ഭരണകൂടെ ഇവര്‍ക്കെതിരെ ശരവേഗത്തില്‍ തന്നെ നടപടി സ്വീകരിച്ചത്. എന്നാല്‍, മാലദ്വീപ് വിരുദ്ധ വികാരം ഉള്‍പ്പടെ ട്രെന്‍ഡിങ് ആയ സാഹചര്യത്തില്‍ ഈ സംഭവത്തിന്‍റെ പ്രത്യാഘാതം വരുന്ന ദിവസങ്ങളില്‍ തന്നെ വ്യക്തമാകുമെന്നാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് നല്‍കുന്ന വിവരം.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈസ്മൈട്രിപ്പ്.കോം (EaseMyTrip.com Canceled All Booking To Maldives) മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കിയിട്ടുണ്ട്. ലേകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ മാലദ്വീപിലേക്കുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കിയ വിവരം കമ്പനി തന്നെയാണ് പ്രസ്‌താവനയിലൂടെ അറിയിച്ചത്.
മാലദ്വീപിന്‍റെ പ്രധാന വരുമാന മാര്‍ഗം തന്നെ വിനോദ സഞ്ചാര മേഖലയാണ്. ദേശീയ വരുമാനത്തിന്‍റെ 28 ശതമാനവും ലഭിക്കുന്നത് ടൂറിസത്തില്‍ നിന്നുമാണ്. ഓരോ വര്‍ഷവും 16 ലക്ഷത്തിലധികം പേരാണ് മാലദ്വീപ് സന്ദര്‍ശിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകളില്‍ മാലദ്വീപിലേക്ക് എത്തിയ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നായിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മാലദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാരും. മാലദ്വീപ് ബോയ്‌കോട്ട് കാംപെയിനാണ് സന്ദര്‍ശകരെ കൂടുതലായും സ്വാധീനിക്കുന്നത്.
മാലദ്വീപ് മന്ത്രിമാരുടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ചൂടേറിയ ചര്‍ച്ചയായതോടെ സിനിമ, കായിക രംഗത്തെ നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രംഗത്തെത്തിയത്. ബോയ്‌കോട്ട് മാലദ്വീപ് കാംപെയിന് പല പ്രമുഖരും ഇതിനോടകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കൂട്ടത്തോടെ ആളുകള്‍ മാലദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയേക്കില്ലെന്നും ടൂറിസം ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്.
നിലവില്‍, മാലദ്വീപ് സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരിക്കുന്നവര്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കുന്നത് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് മേക്ക് മൈ ട്രിപ്പ് സ്ഥാപകന്‍ ദീപ് കൽറ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ യാത്രയ്‌ക്കായി പണം അടയ്‌ക്കാത്തവര്‍ പിന്മാറുമെന്നാണ് കരുതുന്നത്. വരുന്ന 20-25 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്‍റ് രാജീവ് മെഹ്‌റ അറിയിച്ചിരിക്കുന്നത്.
Also Read : ഇന്ത്യക്കും മോദിക്കുമെതിരെ അധിക്ഷേപ പോസ്റ്റ്; മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്‌ത് മാലദ്വീപ്