വെസ്റ്റ്ബാങ്ക് : ഉത്തരഗാസയിലെ രാസ ലബോറട്ടറി തകര്‍ത്തതായി ഇസ്രയേല്‍. ആയുധ നിര്‍മാണത്തിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന കേന്ദ്രമാണിതെന്നും ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു (Israel destroyed chemical laboratory in Gaza).
ഈ മേഖലയില്‍ കൂറ്റന്‍ കെട്ടിടങ്ങളും ഉണ്ട്. ഇവ ടാങ്ക് - മിസൈല്‍ വേധ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നവയാണെന്നും അവയും പൂര്‍ണമായും തകര്‍ത്തെന്നും ഇസ്രയേല്‍ സേന അവകാശപ്പെട്ടു. ഈ കെട്ടിടങ്ങളാണ് ദീര്‍ഘദൂര നീരീക്ഷണത്തിനും ബോംബ് വര്‍ഷത്തിനുമായി ഉപയോഗിക്കുന്നതെന്നും ഇസ്രയേല്‍ സേന പറയുന്നു (Israel operations in Gaza).
പ്രവര്‍ത്തന സജ്ജമായ റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തി നശിപ്പിച്ചു. കെട്ടിടങ്ങളിലും തുരങ്കങ്ങളിലും നിരവധി ശവശരീരങ്ങള്‍ കണ്ടെത്തിയതായും ഇസ്രയേല്‍ സേന അറിയിച്ചിട്ടുണ്ട്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. സ്‌നിപര്‍ റൈഫിളുകള്‍, ആര്‍പിജി ലോഞ്ചറുകള്‍, തോക്കുകള്‍, പിസ്റ്റളുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ആയുധ നിര്‍മാണത്തിനുള്ള ഒരു കെട്ടിട സമുച്ചയം തന്നെ അപ്പാടെ തകര്‍ത്തു എന്നും സേന അവകാശപ്പെട്ടു. ഇസ്രയേല്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടത്തിയ നരമേധത്തില്‍ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടതായി പലസ്‌തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (death toll in Gaza).
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഹമാസ് ആക്രമണത്തില്‍ 12000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും പുരുഷന്‍മാരുമടക്കം 129 പേരെ ഹമാസ് തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇസ്രയേല്‍ സേന കൂടുതല്‍ മൃതശരീരങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം പലസ്‌തീന്‍ മേഖലയില്‍ പതിനായിരക്കണക്കിന് പേര്‍ മരിച്ചെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും സഭ വ്യക്തമാക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
മൂന്ന് മാസമായി തുടരുന്ന ആക്രമണത്തില്‍ ഗാസ മരണത്തിന്‍റെ ഭൂമികയായി മാറിക്കഴിഞ്ഞു. കൊടും തണുപ്പിലും കുടുംബങ്ങള്‍ പലതും തുറസായ സ്ഥലങ്ങളിലാണ് ഉറങ്ങുന്നത്. ബോംബുകളുടെ കേന്ദ്രമായി മാറിയതോടെ നാട്ടുകാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണ്. കുറച്ച് ആശുപത്രികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെല്ലാം അടിയന്തര ചികിത്സകള്‍ മാത്രമാണ് നല്‍കുന്നത്.
ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തിങ്ങി നിറഞ്ഞത് മൂലം പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്. ഈ ദുരിതങ്ങള്‍ക്കിടയിലും 180 പലസ്‌തീന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വന്‍തോതില്‍ ഭക്ഷ്യക്ഷാമവും നേരിടുന്നുണ്ട്. പട്ടിണി എല്ലായിടവും അലയടിക്കുന്നു.
ഗാസ വാസയോഗ്യമല്ലാതായി കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രദേശവാസികളില്‍ നിന്നുള്ള പ്രതികരണം. നിത്യവും ഇവിടുത്തെ ജനങ്ങള്‍ നിലനില്‍പ്പ് ഭീഷണി നേരിടുകയാണ്. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.