ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹരിക് ഇ ഇന്‍സാഫ്(പിടിഐ) സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായി. മുത്തഹിദ ക്വാമി മൂവ്മെന്‍റ് (എംക്യൂഎം-പി) പിടിഐയുടെ നേതൃത്വത്തിലുള്ള മുന്നണി വിട്ടു. എംക്യുഎമ്മും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും(പിപിപി) ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കരാറില്‍ എത്തിചേര്‍ന്നതായി പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു.
കരാര്‍ ഇരു പാര്‍ട്ടികളുടെയും ഉന്നത തല സമിതികള്‍ അംഗീകരിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. നാളെയാണ്(31.03.2022) ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കുക. പാകിസ്ഥാന്‍ ദേശീയ അംസബ്ലിയില്‍ ആകെ 342 അംഗങ്ങളാണ് ഉള്ളത്. അവിശ്വാസ പ്രമേയം പാസകണമെങ്കില്‍ 172 അംഗങ്ങളുടെ വോട്ടാണ് ആവശ്യം.
എംക്യൂഎം-പി കൂടി പ്രതിപക്ഷത്തേക്ക് വരുന്നതോടെ ദേശീയ അസംബ്ലിയില്‍ സംയുക്ത പ്രതിപക്ഷത്തിന് 177 അംഗങ്ങളായി. ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 164 അംഗങ്ങളായി കുറയുകയും ചെയ്‌തു. അതേസമയം വിദേശ ശക്തികളുടെ പണം വാങ്ങികൊണ്ട് തന്‍റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന ആരോപണം തെളിയിക്കുന്ന ഒരു കത്ത് ഇമ്രാന്‍ഖാന്‍ പാകിസ്ഥാന്‍ ചീഫ് ജസ്റ്റീസിന് കൈമാറാന്‍ തയ്യാറാണെന്ന് ആസൂത്രണകാര്യ മന്ത്രി ആസാദ് ഉമര്‍ പറഞ്ഞു.
ALSO READ: ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച മാര്‍ച്ച് 31ന്